‘സുഖമായിരിക്കുന്നു. ഉപ്പയും ഉമ്മയുമടക്കമുള്ള ബന്ധുക്കൾ ഇങ്ങോട്ടുവരൂ’ : കാണാതായ മലയാളിയുടെ സന്ദേശം

165

തൃക്കരിപ്പൂർ∙ ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കുന്ന മലയാളികളിൽ ഒരാൾ വീട്ടിലേക്കു സന്ദേശമയച്ചു. കാസർകോടുനിന്നു കാണാതായ തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീൻ സഹോദരിക്കാണ് സന്ദേശമയച്ചത്. സമൂഹ മാധ്യമമായ ടെലിഗ്രാം വഴിയെത്തിയ സന്ദേശം അഫ്ഗാനിലെ സോറോ ബോറോ മലനിരകളിൽനിന്നാണെന്നു സൈബർ‌ സെൽ കണ്ടെത്തിയിട്ടുണ്ട്.

‘സുഖമായിരിക്കുന്നു. ഉപ്പയും ഉമ്മയുമടക്കമുള്ള ബന്ധുക്കൾ ഇങ്ങോട്ടുവരൂ’ എന്നതായിരുന്നു ഹഫീസുദ്ദീൻ അയച്ച സന്ദേശം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ് ഇയാളുടെ സഹോദരിയുടെ ഫോൺ. സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹഫീസുദ്ദീൻ നാട്ടിലുപയോഗിച്ചിരുന്ന സമൂഹമാധ്യമ അക്കൗണ്ടിൽനിന്നുതന്നെയാണ് സന്ദേശം. അതിനാൽ ഇത് ഹഫീസുദ്ദീന്റേതാണെന്ന നിഗമനത്തിലാണു പൊലീസ്.

തൃക്കരിപ്പൂരിൽനിന്നും പാലക്കാട്ടുനിന്നുമായി 21 പേരെയാണ് കാണാതായിരിക്കുന്നത്. ഇവരിൽ 11 പേർക്ക് ഐഎസ് ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളിൽ ഒരാൾ നേരത്തെ സന്ദേശമയച്ചിരുന്നു.