തൊണ്ടി മുതലുകൾ കൊല്ലത്തെ കോടതിയിൽനിന്ന് കാണാതായി

150

കൊച്ചി∙ നിരോധിക്കപ്പെട്ട സംഘടനയായ ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്ന കേസിലെ നിർണായക തൊണ്ടി മുതലുകളായ കൈത്തോക്ക്, തിരകൾ, ഒന്നരക്കിലോ വെടിമരുന്ന്, മെറ്റൽ ഡിക്റ്റക്ടർ എന്നിവ കൊല്ലത്തെ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അതീവ സുരക്ഷാ മുറിയിൽ നിന്നു കാണാതായി.

അബ്ദുൽ നാസർ മഅദനി അടക്കം 18 പേർക്കെതിരെയുള്ള കേസുകളുടെ വിചാരണ എറണാകുളം അഡീ.സെഷൻസ് കോടതിയിൽ തുടങ്ങി. 24 വർഷം മുൻപു ശാസ്താംകോട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ തൊണ്ടി മുതലുകൾ സൂക്ഷിച്ചിരുന്നത് കൊല്ലത്തെ മജിസ്ട്രേട്ട് കോടതിയിലാണ്. വിചാരണ തുടങ്ങിയ സാഹചര്യത്തിൽ തൊണ്ടി മുതലുകൾ പരിശോധിച്ചപ്പോഴാണു കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു നിർണായക തൊണ്ടി മുതലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവം പുറത്തറിയിക്കാതെ കോടതി ജീവനക്കാർ ഒരാഴ്ചയായി തൊണ്ടി മുറി അരിച്ചു പെറുക്കിയിട്ടും ഫലമുണ്ടായില്ല.

കോടതിയിലെ അന്നത്തെ ക്ലർക്കു പിന്നീടു ജോലി രാജിവച്ചു വിദേശത്തേക്കു പോയിരുന്നു. കേസിലെ മുഖ്യ സാക്ഷിയായ ഇയാളെ വിസ്തരിക്കാനും കഴിഞ്ഞിട്ടില്ല.

1992ൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കൊല്ലം മൈനാഗപ്പള്ളിയിൽ മഅദനിയുടെ വീട്ടിൽ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്നാണു പൊലീസ് കേസ്. പൊലീസ് റെയ്ഡിൽ നാടൻ കൈത്തോക്ക്, തിരകൾ, 1.400 ഗ്രാം വെ‍ടിമരുന്ന്, ലാത്തി, മെറ്റൽ ഡിറ്റക്റ്റർ, ഐഎസ്എസ് നോട്ടിസുകൾ, സംഘടനയുടെ അംഗത്വ ഫോം എന്നിവ പിടിച്ചെടുത്തിരുന്നു. പല കാരണങ്ങളാൽ നീണ്ടുപോയ കേസിലെ 21 സാക്ഷികളിൽ നാലുപേർ ഇതിനകം മരിച്ചു.

1994ൽ പൊലീസ് കൊല്ലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണെങ്കിലും മഅദനിയുടെ അപേക്ഷയെത്തുടർന്നു കേസിന്റെ വിചാരണ എറണാകുളത്തെ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. കേസിന്റെ കാലപ്പഴക്കം ശ്രദ്ധിച്ച ജഡ്ജി കെ.എം.ബാലചന്ദ്രനാണ് ഈ മാസം ആദ്യം വിചാരണ തുടങ്ങിയത്.

NO COMMENTS

LEAVE A REPLY