മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ

174

കൊച്ചി∙ ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകർ പ്രസാദാണ് ശുപാർശ നൽകിയത്. അന്വേഷണത്തിനു സർക്കാർ നിലപാട് അനുകൂലമെന്നാണു സൂചന. ഇതുസംബന്ധിച്ച ഉത്തരവ് ഉടനുണ്ടായേക്കും.

ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകർക്കെതിരെ ഒരു സംഘം അഭിഭാഷകർ ഹൈക്കോടതിക്കുള്ളിൽ തുടങ്ങിവച്ച രോഷപ്രകടനമാണ് സംഘർത്തിലേക്കു നയിച്ചത്. മാധ്യമങ്ങളെ വിലക്കണമെന്നും ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടണമെന്നും ആവശ്യപ്പെട്ടു കോടതിവരാന്തയിൽ ബഹളം വച്ച അഭിഭാഷകർ പിന്നീടു കോടതിയിലുണ്ടായിരുന്ന മൂന്നു വനിതാ മാധ്യമ പ്രവർത്തകർക്കെതിരെയും തിരിഞ്ഞു.
മാധ്യമ പ്രവർത്തകരെ പൊലീസ് സംരക്ഷണത്തിൽ റജിസ്ട്രാറുടെ മുറിയിലേക്കു മാറ്റുകയും മീഡിയാ റൂം താൽകാലികമായി പൂട്ടുകയും ചെയ്തു. സംഘർഷാവസ്ഥയറിഞ്ഞെത്തിയ ചാനൽ സംഘത്തെ അഭിഭാഷകർ മർദിച്ചതോടെ കോടതിയുടെ മുന്നിൽ കൂടുതൽ പൊലീസും മാധ്യമ പ്രവർത്തകരുമെത്തി. സംഘർഷം മണിക്കൂറുകളോളം നീണ്ടുനിന്നു.

ഹൈക്കോടതിയിലെ ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകർക്കെതിരെ ഒരു കൂട്ടം അഭിഭാഷകർ കഴിഞ്ഞ ദിവസം ഭീഷണിയും കയ്യാങ്കളിയും നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു പത്രപ്രവർത്തക സംഘടനയായ കെയുഡബ്ല്യുജെ നടത്തിയ മാർച്ചിനു നേരെയും ആക്രമണമുണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സംഭവങ്ങൾ.