കെ. ബാബു പദവി ദുരുപയോഗം ചെയ്തതിന് തെളിവുമായി വിജിലന്‍സിന്റെ എഫ്ഐആര്‍

194

മൂവാറ്റുപുഴ ∙ മുൻ മന്ത്രി കെ. ബാബു പദവി ദുരുപയോഗം ചെയ്തതിന് തെളിവുമായി വിജിലന്‍സിന്റെ എഫ്ഐആര്‍. പുതിയ ലൈസന്‍സ് നല്‍കിയതും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശത്തോടെയാണ്. ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

നേരത്തെ, സംഭവത്തിൽ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ലൈസൻസുകൾ നൽകുന്നതിൽ 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലൻസ് സെൻട്രൽ റേഞ്ച് എസ്പി നൽകിയ അന്വേഷണ റിപ്പോർട്ട്. ബാർ ഹോട്ടലുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്. കേരള ഹോട്ടൽ ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. രാധാകൃഷ്ണൻ വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിലായിരുന്നു ത്വരിത അന്വേഷണം നടത്തിയത്.

കഴിഞ്ഞ അഞ്ചുവർഷം എക്സൈസ് വകുപ്പിൽ നടന്ന പ്രവ‍ർത്തനങ്ങൾ പരിശോധിക്കണമെന്നായിരുന്നു പരാതി. ബാറുകൾക്കും ബീയർ പാർലറുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷകൾ താനറിയാതെ തീർപ്പാക്കരുതെന്നു മന്ത്രിയായിരിക്കെ കെ.ബാബു ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ഓഫിസിൽ തീർപ്പാകാത്ത ഫയലുകളുടെ കൂമ്പാരമായിരുന്നെന്നു റിപ്പോർട്ട് വിശദമാക്കുന്നു. ബവ്റിജസ് കോർപറേഷന്റെ ചില്ലറ വി‍ൽപന ശാലകൾ പൂട്ടിയതും മാനദണ്ഡമനുസരിച്ചല്ല. ചില ബാർ ഹോട്ടലുകളെ സഹായിക്കാനായി സമീപത്തെ ബവ്റിജസ് ശാലകൾ പൂട്ടിയതായി ബാർ ഹോട്ടലുടമകളുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY