ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷപദവിക്കൊപ്പം പാർട്ടി പദവിയും തിരിച്ചുവേണമെന്ന് വിഎസ്

191

ന്യൂഡൽഹി ∙ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷപദവിക്കൊപ്പം പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരിച്ചുവരവും സംഭവിക്കണമെന്ന ആവശ്യവുമായി വി.എസ്.അച്യുതാനന്ദൻ. ഈ നിലപാടിലേക്കു വിഎസ് ചുവടുമാറ്റിയതു സിപിഎമ്മിനു പുതിയ തലവേദനയായേക്കും.

സമ്മർദതന്ത്രത്തിനു വഴങ്ങില്ലെന്നും എആർസി രൂപീകരിച്ചാലുടനെ അധ്യക്ഷപദവി ഏറ്റെടുക്കാൻ വിഎസ് തയാറായില്ലെങ്കിൽ ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും നേതാക്കൾ സൂചിപ്പിച്ചു. കേരളത്തിലെ സംഘടനാപ്രശ്‌നങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ നടപടികൾ പൂർത്തിയാകാത്തതാണു വിഎസിനു സെക്രട്ടേറിയറ്റിലേക്കു തിരിച്ചുവരാനുള്ള തടസ്സം. കഴിഞ്ഞ മാസാവസാന ആഴ്‌ചയിൽ വിഎസും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടന്ന കൂടിക്കാഴ്‌ചയിൽ ഇതു ചർച്ചയായിരുന്നു.

ഒരാഴ്‌ചയ്‌ക്കകം നടപടിയെടുക്കാമെന്നു കാരാട്ട് ഉറപ്പുനൽകിയെന്നാണു വിഎസുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. എന്നാൽ, വേഗത്തിൽ നടപടിയെടുക്കാമെന്നു മാത്രമെ കാരാട്ട് പറഞ്ഞിട്ടുള്ളൂവെന്നു നേതാക്കൾ സൂചിപ്പിച്ചു. ഇരട്ടപ്പദവി പ്രശ്‌നപരിഹാരത്തിനുള്ള നിയമഭേദഗതി കഴിഞ്ഞദിവസം നിയമസഭ പാസാക്കി. എആർസി രൂപീകരണത്തിനുള്ള നടപടികൾ ഉടനെയുണ്ടാകുമെന്നാണു സർക്കാർവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ, പാർട്ടിയിലെ കാര്യങ്ങളിൽക്കൂടി തീരുമാനമായിട്ടുമതി എആർസി പദവിയെന്നു വിഎസിന്റെ ഭാഗത്തുനിന്നു ചുവടുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതു നേരത്തെയുണ്ടാക്കിയ ധാരണയ്‌ക്കു വിരുദ്ധമാണെന്നും പിണറായിപക്ഷ നേതാക്കൾ സൂചിപ്പിച്ചു. വിഎസിന് ഉചിതമായ സ്‌ഥാനം നൽകാൻ ഉദ്ദേശിച്ചു മാത്രമുള്ളതാണ് എആർസി രൂപീകരണം. നിയമഭേദഗതി കൊണ്ടുവന്നതും വിഎസിനെ ഉദ്ദേശിച്ചുമാത്രമാണ്.

പാർട്ടിയിലെ പ്രശ്‌നംതീർക്കാൻ സർക്കാർ ഖജനാവിലെ പണം ഉപയോഗിക്കുന്നുവെന്നു പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു കഴിഞ്ഞു. ഇതു പാർട്ടിക്കു മാത്രമല്ല വിഎസിനും വല്ലായ്‌മയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പദവി ഏറ്റെടുക്കാമെന്നു വിഎസ് വ്യക്‌തമാക്കിയശേഷം മാത്രമാണു മന്ത്രിസഭാതീരുമാനമുണ്ടായത്. അതുകൊണ്ടുതന്നെ തുടർനടപടിയുണ്ടാകുമ്പോൾ വിഎസ് ചുവടുമാറ്റുന്നതു പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടിയായി വിലയിരുത്തേണ്ടി വരുമത്രേ.

പിബി കമ്മിഷനു മുന്നിൽ വിഎസിനെതിരെ സംസ്‌ഥാനസമിതിയുടെ പരാതിയുണ്ട്, വിഎസിന്റെ പരാതിയുണ്ട്, വിഎസിനെതിരെ ഏതാനും നേതാക്കൾ നൽകിയ പരാതികളുണ്ട്. കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിൽനിന്നു വിഎസ് ഇറങ്ങിപ്പോയതു സംബന്ധിച്ചുൾപ്പെടെയുള്ളതാണു പരാതികൾ. പിബി ഈമാസം 30നും 31നും ചേരുന്നുണ്ട്.

അപ്പോൾ പിബി കമ്മിഷനും ചേരാൻ ആലോചനയുണ്ട്. എന്നാൽ, കമ്മിഷൻ ശരിതെറ്റുകൾ വിലയിരുത്തുമ്പോൾ തീരുമാനം വിഎസിന് അനുകൂലമായിരിക്കുമെന്നു പ്രവചിക്കാനാവില്ലെന്നു നേതാക്കൾ പറഞ്ഞു. വിഎസിന് അനുകൂലമാണെങ്കിൽതന്നെ, തീരുമാനങ്ങൾ ആദ്യം പിബിയിൽ റിപ്പോർട്ട് ചെയ്യണം. അതനുസരിച്ചു സംസ്‌ഥാനസമിതിയിൽ വിഎസിനെ ഉൾപ്പെടുത്താൻ തീരുമാനമുണ്ടാകണം.

അതു കേന്ദ്രകമ്മിറ്റി അംഗീകരിക്കണം. അതിനുശേഷം മാത്രമെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കാനാകൂ. ഇത് ഉടനെ സംഭവിച്ചാൽ മാത്രമെ എആർഎസി അധ്യക്ഷപദവി ഏറ്റെടുക്കുകയുള്ളുവെന്നാണെങ്കിൽ, അത് പാർട്ടിയെ സമ്മർദത്തിലാക്കാൻ ഉദ്ദേശിച്ചുള്ള നീക്കം മാത്രമാവും. അതാണു സംഭവിക്കുന്നതെങ്കിൽ എആർസി അധ്യക്ഷസ്‌ഥാനത്തേക്കു മറ്റാരെയെങ്കിലും പരിഗണിക്കേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു.

NO COMMENTS

LEAVE A REPLY