മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്റെ നിയമ ഇടപെടലുകളിൽ സിപിഐയ്ക്ക് അതൃപ്തി

143

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരൻ സർക്കാരിന്റെ എതിർകക്ഷികൾക്കുവേണ്ടി ഹാജരാകരുതെന്നാണു സിപിഐ നിലപാട്. വിഷയം നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കും. വൈകിട്ടു നാലിന് എകെജി സെന്ററിലാണ് യോഗം. ദാമോദരനെ മാറ്റണമെന്നു സിപിഐയുടെ വിദ്യാർഥി സംഘടന എഐഎസ്എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

പുതിയ സർക്കാരിന്റെ തുടക്കകാലമായതിനാൽ വിവാദങ്ങൾ ഒഴിവാക്കാമെന്ന നിലപാടിനെ തുടർന്നാണു സിപിഐ ഉൾപ്പെടെയുള്ള ഘടകക്ഷികൾ പരസ്യ പ്രതികരണത്തിൽനിന്നു വിട്ടുനിന്നത്. നിലപാട് മുന്നണി യോഗത്തിൽ അറിയിക്കുമെന്നാണ് സിപിഐ പ്രതികരിച്ചിരുന്നത്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ സർക്കാർ ചെയ്യുന്ന സത്പ്രവർത്തികൾപോലും സംശയത്തിന്റെ കരിനിഴലിലാകുമെന്നാണ് ഇപ്പോൾ സിപിഐ കരുതുന്നത്. അതിനാൽ തന്നെ തുടക്കത്തിൽതന്നെ ഇതു തിരുത്തണമെന്ന് സിപിഐ ആവശ്യപ്പെടുന്നു.

ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയുമാണ് ദാമോദരൻ കോടതിയിൽ ഹാജരായത്. ഇതിൽ സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. ഇതു വൻ വിവാദത്തിനു വഴി തെളിച്ചിരുന്നു.

എന്നാൽ, പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയുടെ ഉപദേശക പദവിയിൽ ദാമോദരൻ പ്രവർത്തിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി. ദാമോദരനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.

NO COMMENTS

LEAVE A REPLY