പ്രചണ്ഡ പുതിയ നേപ്പാള്‍ പ്രധാനമന്ത്രി

198

കഠ്മണ്ഡു∙ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പ്രചണ്ഡയെ (പുഷ്പ കമാല്‍ ദഹാല്‍) തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ (സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍) നേതാവാണ് പ്രചണ്ഡ. പ്രധാനമന്ത്രി പദത്തിലേക്കുള്ള നാമനിർദേശപത്രികാ സമർപ്പണ സമയം കഴിഞ്ഞിട്ടും മറ്റാരും പത്രിക നൽകാത്തതിനെത്തുടർന്ന് പ്രചണ്ഡ തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. രണ്ടാം തവണയാണ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിപദത്തിലേക്കെത്തുന്നത്.

2009ലെ തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്നു പ്രധാനമന്ത്രിയായ പ്രചണ്ഡ ഒൻപതു മാസത്തിനുശേഷം രാജിവയ്ക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പു നടന്ന 2013ല്‍ പരാജയം നേരിട്ട പാര്‍ട്ടിക്കു പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനമേയുള്ളൂ. എന്നാല്‍, ജയിച്ച പാര്‍ട്ടികള്‍ക്കൊന്നും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒറ്റയ്ക്കു ഭരിക്കാനാവാത്ത സാഹചര്യമാണുള്ളത്.

കെ.പി.ശര്‍മ ഒലി സര്‍ക്കാരിനെതിരെ സമരം ചെയ്ത മധേശി വിഭാഗത്തിന്റെ പിന്തുണ നേടിയ ശേഷമാണു പ്രചണ്ഡ നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചത്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയാണു പ്രചണ്ഡയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. പ്രചണ്ഡയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ചു നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍ മാവോയിസ്റ്റ് സെന്ററുമായി മധേശി ഫ്രണ്ട് കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു.

595 അംഗ പാര്‍ലമെന്റില്‍ 42 അംഗങ്ങളാണു വിവിധ മധേശി പാര്‍ട്ടികള്‍ക്കായുള്ളത്. പുതുതായി രൂപീകരിക്കുന്ന പ്രചണ്ഡ മന്ത്രിസഭയില്‍ മധേശി പാര്‍ട്ടികളും പങ്കാളികളാവും. മധേശികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കു ഭരണഘടനാ ഭേദഗതിയിലൂടെയും രാഷ്ട്രീയ ധാരണയിലൂടെയും പരിഹാരം കാണുമെന്നു നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടികള്‍ ഉറപ്പുനല്‍കിയിരുന്നു.

സിപിഎന്‍- മാവോയിസ്റ്റ് സെന്ററിന്റെ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കെ.പി.ശര്‍മ ഒലിയുടെ സിപിഎന്‍ – യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത്.

കഴിഞ്ഞവര്‍ഷം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കുക, പുതിയ ഭരണഘടന തയാറാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്നിവയാണു പുതിയ പ്രധാനമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍.

NO COMMENTS

LEAVE A REPLY