സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന‍ു കൈക്കൂലി : ആശുപത്രി പ്രസിഡന്റിനെതിരെ കേസെടുത്തു

153

തൃശൂർ ∙ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന‍ു രണ്ടുപേരിൽ നിന്നു രണ്ടര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. മതിയായ തെളിവുകളില്ലെന്നുകാട്ടി വിജിലൻസ് അന്വേഷണസംഘം പ്രസിഡന്റിനു ക്ലീൻച‍ിറ്റ് നൽകാൻ ശ്രമിച്ചെങ്കിലും കോടതി തള്ളി. സ്റ്റാഫ് നഴ്സുമാരായ ബിൻസി തലേക്കാട്ട്, പി.എച്ച്. രഹ്ന എന്നിവർ രേഖാമൂലം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ടി.കെ. പൊറിഞ്ചുവിനെതിരെ കോടതി കേസെടുത്തത്.

മാനദണ്ഡങ്ങൾ ലംഘിച്ചു ജില്ലാ സഹകരണ ആശുപത്രിയിൽ നൂറുകണക്കിനു ജീവനക്കാരെ നിയമിച്ചതിൽ അഴിമതിയുണ്ടെന്ന മറ്റൊരു പരാതിയിൽ പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം വിജിലൻസ് കേസെടുത്തതിനു പിന്നാലെയാണ് അടുത്ത കേസും റജിസ്റ്റർ ചെയ്യപ്പെട്ടത്. അനുവദിക്കപ്പെട്ടിരുന്ന 66 തസ്തികകൾക്കു പുറമെ ഇരുനൂറിലേറെ താൽക്കാലിക ജീവനക്കാരെയും നിയമിക്കുകയും ഇവരിൽ നിന്നായി ലക്ഷങ്ങൾ കോഴവാങ്ങിയെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം.

ഇതിനു പിന്നാലെയാണ് അടാട്ട് സ്വദേശി രാജൻ നൽകിയ ഹർജിയിൽ അടുത്ത കേസ് റജിസ്റ്റർ െചയ്തത്. സ്റ്റാഫ് നഴ്സുമാരായ ബിൻസിയും രഹ്നയും നിയമനത്തിനായി ഒരു ലക്ഷം, ഒന്നരലക്ഷം രൂപവീതം കൈക്കൂലി നൽകേണ്ടിവന്നെന്നു രേഖാമൂലം മൊഴികൊടുത്തു. പ്രസിഡന്റിന്റെ നിർദേശപ്രകാരം സെക്രട്ടറി പി.എം. സുരേന്ദ്രന് ആണ് പണം കൈമാറിയത്. ഇതേ മൊഴി സുരേന്ദ്രൻ പിന്നീടു ശരിവയ്ക്കുകയും ചെയ്തു.

ഇക്കൂട്ടത്തിൽ നിയമനം ലഭിച്ച പൊറിഞ്ചുവിന്റെ സഹോദരീപുത്രി അന്വേഷണം വന്നഘട്ടത്തിൽ രാജിവച്ചിരുന്നു. എന്നിട്ടും മതിയായ തെളിവുകളില്ലെന്നു വിജിലൻസ് അന്വേഷണ സംഘം നിലപാടെടുത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു.