മയക്കുമരുന്ന്‌ – പെണ്‍വാണിഭ സംഘം പിടിയില്‍

172

ആലപ്പുഴ∙ നഗര പരിസരത്ത് കൊമ്മാടിയിൽ എക്‌സൈസ്‌ സംഘം നടത്തിയ റെയ്‌ഡില്‍ വന്‍ മയക്കുമരുന്ന്‌ – പെണ്‍വാണിഭ സംഘം പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചു നടത്തിയ കേന്ദ്രത്തില്‍ നിന്ന്‌ കഞ്ചാവും മയക്കു മരുന്നും പിടിച്ചെടുത്തു. ക്യാമറകളുപയോഗിച്ചു വിദ്യാര്‍ഥികളുടെ അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച്‌ ബ്ലാക്ക്‌മെയിലിങ് നടത്തിയതായും സംശയമുണ്ട്‌.

എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ കൊമ്മാടിയിലെ വാടകവീട്ടിലാണ് റെയ്ഡ് നടത്തിയത്. ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ പേരുവച്ചായിരുന്നു അനാശാസ്യകേന്ദ്രം നടത്തിവന്നത്‌. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പുന്നമട സ്വദേശി ബിനോയിയെ എക്‌സൈസ്‌ കസ്‌റ്റഡിയിലെടുത്തു. ഇടപാടുകാരായ ആറുപേരും പിടിയിലായി. മയക്കുമരുന്നു കുത്തിവെയ്‌ക്കുന്നതിനുള്ള സിറിഞ്ചുകള്‍. ആംപ്യൂളുകള്‍, ചെറുപൊതികളിലാക്കിയ കഞ്ചാവ്‌, ഗര്‍ഭ നിരോധന ഉറകള്‍, ഗുളികകള്‍ എന്നിവയും വീട്ടില്‍ നിന്ന്‌ കണ്ടെത്തിയവയില്‍ പെടുന്നു.

വിദ്യാര്‍ഥികളും കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍കരാണെന്നാണ്‌ സൂചന ലഭിച്ചിരിക്കുന്നത്‌. വീടിന്റെ വിവിധയിടങ്ങളില്‍ നിന്നായി രഹസ്യക്യാമറകളും എക്‌സൈസ്‌ കണ്ടെടുത്തിട്ടുണ്ട്‌. വിദ്യാർഥികളെ ബ്ലാക്ക്‌മെയില്‍ ചെയ്‌തു പണം തട്ടുന്നതിനുള്ള ശ്രമങ്ങളാണ്‌ ഇതിനു പിന്നിലെന്നാണു സൂചന. നേരത്തെയും സമാനമായ കേസുകളില്‍ ബിനോയ്‌ പ്രതിയാണ്‌.