ബ്ലാക്ക്മെയ്‌ൽ: മുഖ്യപ്രതിയായ സ്ത്രീ പിടിയിൽ

177

തിരുവനന്തപുരം∙ സർക്കാർ ഉദ്യോഗസ്ഥനെ വാടകവീട്ടിൽ വിളിച്ചുവരുത്തി സ്ത്രീകളോടൊപ്പം നഗ്നചിത്രം പകർത്തി ബ്ലാക്ക്മെയ്ൽ ചെയ്തു പണംതട്ടാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിനി പ്രിയയെയാണ് പിടികൂടിയത്. സംഘത്തിലെ നാലുപേരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പ്രധാനികളിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.

തന്ത്രി മോഡൽ ബ്ലാക്ക്മെയ്ൽ തട്ടിപ്പാണ് സ്ത്രീകൾ ഉൾപ്പെട്ട സംഘം നടത്തിയിരുന്നത്. ആനയറ പുളുക്കൽ ലെയ്നിൽ‌ അനു (26), ചെറുവയ്ക്കൽ കട്ടേല വള്ളിവിള വീട്ടിൽ സാനു (19), ചാക്ക ഐടിഐക്കു സമീപം മൈത്രി ഗാർഡൻസിൽ ഷീബ (30), കുമാരപുരം തോപ്പിൽ നഗറിൽ ദീപ (36) എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കൊച്ചിയിൽ വർഷങ്ങൾക്കു മുൻപ്, ശബരിമല തന്ത്രിയെ വശീകരിച്ചു വീട്ടിൽ വിളിച്ചുവരുത്തി ഫോട്ടോ എടുത്ത ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ ഗുണ്ടാനേതാവ് ശോഭാ ജോണും സംഘവും അറസ്റ്റിലായിരുന്നു. സമാനമായ തട്ടിപ്പാണ് ആറംഗ സംഘം തുടർന്നുവന്നത്.
കുമാരപുരത്തിനു സമീപത്തെ വാടകവീട്ടിൽ എത്തിച്ച് ഇൗ സംഘം ഒട്ടേറെപ്പേരെ കെണിയിൽപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണു സൂചന. സർ‌ക്കാർ ഉദ്യോഗസ്ഥനെ മായ എന്ന സ്ത്രീയാണു പരിചയപ്പെട്ടു വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നു പൊലീസ് അറിയിച്ചു. ദീപയും ഷീബയും അവിടെ കാത്തിരുന്നു. അനുവും സാനുവും മറ്റൊരാളും ഉടൻ വീട്ടിലേക്കു തള്ളിക്കയറി ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കി. സ്ത്രീകളുടെയും വസ്ത്രം മാറ്റി ഇവർക്കൊപ്പം ഇരുത്തി ഫോട്ടോ പകർത്തി. ചിത്രം ഫെയ്സ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 10,000 രൂപയും സ്വർണമാലയും ഫോണും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ, അഞ്ചുലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം ഓഫിസിലുണ്ടെന്നും കൂടെയെത്തിയാൽ തരാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥൻ സംഘത്തെ ഓഫിസിലേക്കു കൊണ്ടുപോയി.

ഇവരെ സന്ദർശക മുറിയിൽ ഇരുത്തിയ ശേഷം സഹപ്രവർത്തകരുടെ സഹായത്തോടെ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്. എട്ടു തട്ടിപ്പുകൾ ഇതേ രീതിയിൽ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. മൂന്നും നാലും ലക്ഷം രൂപ നൽകിയാണ് ആ സംഭവങ്ങളിലെ ഇരകൾ മാനം പോകാതെ രക്ഷപ്പെട്ടത്. ആരും പരാതി നൽകാൻ തയാറാകാത്തതിനാൽ സംഘം തട്ടിപ്പു തുടരുകയായിരുന്നു. പുരുഷൻമാരുമായി ചങ്ങാത്തമുണ്ടാക്കി ഫോൺ നമ്പർ വാങ്ങുകയും പിന്നീടു നിരന്തരം വിളിച്ചു വശീകരിക്കുകയുമായിരുന്നു ഇവരുടെ രീതിയെന്നു പൊലീസ് അറിയിച്ചു.