ബാങ്ക് വിവരം ചോർത്തി വൻ തട്ടിപ്പ്; കേരളത്തിൽനിന്നുമാത്രം കവർന്നത് 130 കോടി

197

തിരുവനന്തപുരം ∙ ദേശസാൽകൃത ബാങ്കുകളുടെ ഡേറ്റാ ബേസ് ചോർത്തി സംസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. കേരളത്തിൽനിന്നുമാത്രം ഒരുവർഷത്തിനിടെ ഹാക്കർമാർ അപഹരിച്ചത് 130 കോടി രൂപ. അഞ്ചു പൊതുമേഖലാ ബാങ്കുകളുടെ ഡേറ്റാബേസാണ് ചോർന്നത്. സുരക്ഷാ നടപടികൾ കർശനമാക്കാൻ ബാങ്കുകൾക്ക് രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകി.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡേറ്റാ ബേസ് സെർവറിൽ കടന്നുകയറിയാണ് ഹാക്കർമാർ കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സെർവറിൽ നിന്ന് ഉപഭോക്താക്കളുടെ പേരും വിലാസവും അക്കൗണ്ട് സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങൾ വരെ തട്ടിപ്പ്സംഘം കൈക്കലാക്കും. തുടർന്ന് മാഗ്നറ്റിക് എടിഎം കാർഡുകൾ ചിപ്പ് കാർഡുകളാക്കി പുതുക്കണം എന്ന നിർദേശത്തോടെ ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടും. വിശ്വാസ്യത ഉറപ്പിക്കാൻ എടിഎം കാർഡിന് പിന്നിലെ 16 അക്ക നമ്പർ കൃത്യമായി പറയും. മിനിറ്റുകൾക്കകം ഉപഭോക്താവിന്റെ ഫോണിലേക്ക് ഒടിപി നമ്പർ അഥവാ വൺ ടൈം പാസ്‍വേഡ് എസ്എംഎസ് ആയി അയക്കും. ഇൗ പാസ്‍വേഡ് ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് സംഘം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക.

ഒരുവർഷത്തിനിടെ ഇത്തരത്തിൽ 130 കോടിരൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. 1.80 കോടി രൂപ നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകി. എടിഎം കാർഡ് നമ്പർ മറ്റാരോടും വെളിപ്പെടുത്തരുത്, ഫോണിലൂടെ വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകരുത്, ഫോൺ കോളുകൾ ലഭിച്ചാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക, കാർഡിന്റെ നമ്പർ ആവശ്യപ്പെട്ടാൽ ബാങ്കുമായി ബന്ധപ്പെടുക, എടിഎം കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിക്കുക, പണം പിൻവലിക്കുമ്പോൾ മെസേജ് ഉറപ്പാക്കുക, പണം നഷ്ടപ്പെട്ടാൽ ബാങ്കുമായി ബന്ധപ്പെടുക തുടങ്ങിയ നിർദേശങ്ങളാണ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകിയത്.
courtesy : manorama online

NO COMMENTS

LEAVE A REPLY