വിവാദ പ്രസംഗം : ബാലകൃഷ്ണപിള്ളയ്ക്കെതിരെ അന്വേഷണം

161

കൊല്ലം∙ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചു സംസാരിച്ച കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരെ അന്വേഷണം. പുനലൂർ ഡിവൈഎസ്പി ഷാനവാസിനാണ് അന്വേഷണച്ചുമതല. കൊല്ലം റൂറൽ എസ്പി അജിതാ ബീഗത്തിനുലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു തുടങ്ങിയ സംഘടനകളുൾപ്പെടെയുള്ളവ റൂറൽ എസ്പിക്കു പരാതി നൽകയിരുന്നു.കഴിഞ്ഞ ദിവസം പത്തനാപുരം കമുകുംചേരിയിലാണ് ക്രൈസ്തവ, മുസ്‍ലിം സമുദായങ്ങളെ ആക്ഷേപിച്ചുകൊണ്ട് പിള്ള പ്രസംഗിച്ചത്. ഇതിന്റെ ശബ്ദരേഖ പുറത്താവുകയും ചെയ്തു. സംഭവം വിവാദമായതോടെ നടത്തിയത് പൊതുപ്രസംഗമല്ല എന്ന വിശദീകരണവുമായി ആർ.ബാലകൃഷ്ണപിള്ള രംഗത്തെത്തി. കോടതികൾ ആധ്യാത്മിക കാര്യങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്നുമാത്രമാണ് പറഞ്ഞത്. കൂടാതെ, പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എൻഎസ്എസ് കരയോഗത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്ന് സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നേകാൽ മണിക്കൂർ സംസാരിച്ചിരുന്നു. ഇത് എന്തെല്ലാമാണെന്ന് ഇപ്പോൾ ഒാർമയില്ല. ഒരു സമുദായത്തെയും അധിക്ഷേപിച്ചില്ല. ക്രൈസ്തവ, മുസ്‍ലിം സമുദായത്തോടു ബഹുമാനമാണുള്ളത്. കരയോഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണു വേണ്ടത് എന്നുമാത്രമാണ് പറഞ്ഞതെന്നും ശബ്ദരേഖയുണ്ടെങ്കിൽ അത് എഡിറ്റ് ചെയ്തതാകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അതേസമയം, ആർ.ബാലകൃഷ്ണപിള്ളയുടെ പരാമർശം നിർഭാഗ്യകരമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരൻ. പ്രസ്താവന പിൻവലിച്ചു മാപ്പുപറയാൻ ബാലകൃഷ്ണപിള്ള തയാറാകണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.