മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം: മുഖ്യമന്ത്രി യോഗം വിളിച്ചു

182

കൊച്ചി ∙ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ശനിയാഴ്ച മുഖ്യമന്ത്രി അഭിഭാഷകരേയും മാധ്യമപ്രവർത്തകരെയും കാണും. ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനാണ് യോഗം. എറണാകുളം ഗസ്റ്റ് ഹൗസിൽ ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ എറണാകുളം പ്രസ്ക്ലബ് പ്രതിനിധികൾ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഹൈക്കോടതിയിൽ ബുധനാഴ്ച മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ അക്രമങ്ങൾ വ്യാഴാഴ്ച തലസ്ഥാനത്തു വഞ്ചിയൂർ കോടതിവളപ്പിലും ആവർത്തിച്ചിരുന്നു.ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു മാധ്യമ പ്രവർത്തകർക്കെതിരെ ഒരു സംഘം അഭിഭാഷകർ ഹൈക്കോടതിക്കുള്ളിൽ തുടങ്ങിവച്ച രോഷപ്രകടനം തെരുവിലേക്കും പടരുകയായിരുന്നു. തുടർന്ന് മീഡിയാ റൂം പൂട്ടുകയും ചെയ്തിരുന്നു.