കാറിൽ യാത്ര ചെയ്ത അഭിഭാഷകനെയും കുടുംബത്തെയും ഒരു സ്കൂട്ടറിലെത്തിയ മൂന്നു യുവതികൾ കയ്യേറ്റം ചെയ്തു

164

കൊച്ചി ∙ കൈക്കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത അഭിഭാഷകനെയും കുടുംബത്തെയും ഒരു സ്കൂട്ടറിലെത്തിയ മൂന്നു യുവതികൾ കയ്യേറ്റം ചെയ്തു. കാർ പെട്ടെന്നു ബ്രേക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൈക്കുഞ്ഞുമായി മുൻസീറ്റിലിരുന്ന സ്ത്രീയെ അടിക്കുകയായിരുന്നു. സ്ത്രീ തടഞ്ഞതിനാൽ അടി കുഞ്ഞിന്റെ ദേഹത്തുകൊണ്ടില്ല.

ഹൈക്കോടതി അഭിഭാഷകൻ വൈറ്റില സ്വദേശി പി.പ്രജിത്, ഭാര്യ ശ്രീജ, രണ്ടു മക്കൾ എന്നിവരായിരുന്നു കാറിൽ. സംഭവത്തിൽ കടവന്ത്ര കുമാരനാശാൻ നഗർ സെന്റ് സെബാസ്റ്റ്യൻ റോഡ് ഗാലക്സി വിൻസ്റ്ററിൽ സാന്ദ്ര ശേഖർ (26), തൃശൂർ മുളങ്കുന്നത്തുകാവ് നങ്ങേത്തിൽ എം.അജിത (25), കോട്ടയം അയ്യർകുളങ്ങര വല്ലകം മഠത്തിൽപറമ്പിൽ ശ്രീല പത്മനാഭൻ (30) എന്നിവരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. മർദനം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾക്കു കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽനിന്നു മൂന്നു കുപ്പി ബീയർ കണ്ടെടുത്തു. യുവതികൾ സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടവന്ത്ര പമ്പ് ജംക്‌‌ഷനിലായിരുന്നു സംഭവം. മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്നു തിരിഞ്ഞപ്പോൾ പ്രജിത് കാർ ബ്രേക്ക് ചെയ്തു. തൊട്ടുപിന്നിൽ സ്കൂട്ടറിലായിരുന്ന യുവതികൾ ഇടതുവശത്തു കൂടിയെത്തി കാർ തടഞ്ഞുനിർത്തി പ്രജിത്തിനെ അസഭ്യം പറയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രജിത് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ശ്രീജ തടഞ്ഞു. തുടർന്ന്, ശ്രീജയെ മൂവർ സംഘം ചീത്ത വിളിക്കുകയും കൈവീശി അടിക്കുകയുമായിരുന്നു. പതിനെട്ടു ദിവസം മാത്രം പ്രായമായ കുഞ്ഞ് ശ്രീജയുടെ മടിയിലുണ്ടായിരുന്നു. അടി തടഞ്ഞതിനാൽ കുഞ്ഞിന്റെ ദേഹത്തുകൊണ്ടില്ല. യുവതികളുടെ പരാക്രമം കണ്ടു മറ്റു വാഹനങ്ങളിലുള്ളവർ പുറത്തിറങ്ങി. ഇവരോടും യുവതികൾ കയർത്തു.

കടവന്ത്ര എസ്ഐ ടി.ഷാജിയുടെ നേതൃത്വത്തിൽ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. യുവതികൾ മദ്യപിച്ചിട്ടില്ലെന്നു പരിശോധനയിൽ തെളിഞ്ഞെങ്കിലും ജനറൽ ആശുപത്രിയിലെത്തിച്ചു വിശദ പരിശോധന നടത്തി. സെൻട്രൽ എസി കെ.വി.വിജയൻ, സിഐ വിജയകുമാർ എന്നിവർ സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.
courtesy : manorama online