ആശുപത്രിയിലെത്തിക്കാനാകാതെ ആദിവാസി മരിച്ചു

184
photo credit : manorama online

പാലക്കാട്∙ അശൂപത്രിയിലെത്തിക്കാൻ നിവൃത്തിയില്ലാതായതിനെ തുടർന്ന് ആദിവാസി ചികിത്സകിട്ടാതെ മരിച്ചു. അട്ടപ്പാടി മുരുഗള ഊരിൽ അരയ്ക്കുതാഴെ തളർന്നുകിടന്നിരുന്ന കുറുമ്പനാണ്(55) മരിച്ചത്. നാലുമക്കളെയും വൃദ്ധരായ രക്ഷിതാക്കളെയും കൂലിപ്പണിയെടുത്തു പേ‍ാറ്റിയിരുന്ന കുറമ്പന് ആറുമാസം മുൻപാണ് വീഴ്ചയിൽ തളർച്ചബാധിച്ചത്. തുടർന്ന് ഊരുകാർ മുളമഞ്ചിൽ ഏറ്റി കുറുമ്പനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചു.

നാലുമാസത്തെ ചികിത്സയ്ക്കുശേഷം ആരേ‍ാഗ്യനില മെച്ചപ്പെട്ട ഇയാൾ രണ്ടാഴ്ച മുൻപാണ് ഊരിൽ തിരിച്ചെത്തിയത്. കഴിഞ്ഞദിവസം അസുഖം കൂടി. വെള്ളംപേ‍ാലും ഇറക്കാൻ കഴിയാത്ത അവസ്ഥവന്നപ്പേ‍ാ‍ൾ കുറുമ്പനെ എടുത്ത് ആശുപത്രിയിലെത്തിക്കാൻ എല്ലാവരും കൂടി ശ്രമിച്ചെങ്കിലും ഊരിൽ നിന്ന് കുറച്ചകലെയുളള പുഴ മലയിൽ പെയ്ത പെരുമഴയിൽ നിറഞ്ഞ് ഒഴുകുകയായിരുന്നു. അതിനുമുകളിലുള്ള ഒറ്റമുള പാലത്തിലൂടെയാണ് ആദിവാസികൾ അത്യാവശ്യസമയത്ത് പുറംലേ‍ാകത്തേക്കും തിരിച്ചും എത്തിയിരുന്നത്.

മുളയ്ക്കു മുകളിലൂടെ പേ‍ാകാൻ കഴിയാതെ സംഘം കുറുമ്പനെ ഊരിൽ തിരിച്ചെത്തിച്ചു. പിന്നീട് മൂന്നുതവണ ആശുപത്രിയിലെത്തിക്കാനും ശ്രമം നടത്തിയെങ്കിലും മരകമ്പുകൾക്കിടയിലുടെ ചെരിഞ്ഞും മറിഞ്ഞുമുള്ള മുളപാലം കടക്കുക പ്രയാസമായിരുന്നു. അസുഖം മൂർഛിച്ച് കുറുമ്പൻ ഇന്ന് ഉച്ചയേ‍ാടെയാണ് മരിച്ചത്.