ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് പാത്രത്തിലൊളിപ്പിച്ച പതിനഞ്ചുകാരൻ പിടിയിൽ

204

സേലം ∙ ആറു വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ചെമ്പ് പാത്രത്തിൽ അടച്ചുവച്ച കേസിൽ പതിനഞ്ചുകാരനായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. സേലത്തിനുസമീപം മേട്ടൂർ കുളത്തൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം.

കുളത്തൂർ തെലങ്കനൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടിനു വൈകിട്ടു വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നൽകാമെന്നു പറഞ്ഞ് അയൽവാസി വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവന്ന് പെ‍ാലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അടുക്കളയിലെ വലിയപാത്രത്തിൽ അടച്ചുവച്ചുവന്ന് പ്രതി പൊലീസിനു മൊഴി നൽകി.

കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കൾ കുളത്തൂർ പൊലീസിനു പരാതി നൽകിയിരുന്നു. പൊലീസ് പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസരത്തും തിരച്ചിൽ നടത്തി. ഇന്ന് വൈകിട്ടോടെയാണ് അയൽവാസിയുടെ അടുക്കളയിൽ പാത്രത്തിൽ അടച്ചുവച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാത്രത്തിനു പുറത്ത് രക്തക്കറ കണ്ടാണ് പൊലീസ് പാത്രം തുറന്നു നോക്കിയത്. അറസ്റ്റിലായ അയൽവാസിയുടെ വീട്ടിലേക്കു നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷമുണ്ടാകുമെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മേട്ടൂർ ഡിവൈഎസ്പി നടരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം.