കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

136

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ വെടിയേറ്റു രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കും ജീവൻ നഷ്ടമായി. ഒരു ജവാനു പരുക്കേറ്റു. കുപ്‍വാര ജില്ലയിലെ നൗഗാം സെക്ടറിലാണു ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയത്.

നൗഗാം സെക്ടറിലെ അതിർത്തിരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട സൈന്യം ഭീകരർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരും തിരിച്ചു വെടിവച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരുടെ പക്കൽനിന്നും രണ്ടു എകെ–47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.

ഇതു രണ്ടാം തവണയാണ് നൗഗാം സെക്ടറിലൂടെ ഭീകരർ നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരിൽ നാലുപേരെ സൈന്യം വധിച്ചിരുന്നു. ഒരാളെ ജീവനോടെ പിടികൂടി.