50,000 രൂപയുടെ സാധനങ്ങൾ തീരുവ ഇളവോടെ വിദേശത്തുനിന്നു കൊണ്ടുവരാം

224

ന്യൂഡൽഹി∙ ‌ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവ‌‌‌ള‌‌ങ്ങളിലെ ഡ്യൂട്ടി ‌‌ഫ്രീ ‌ഷോപ്പുക‌‌‌ളിൽ നിന്നു യാത്രക്കാർക്കു വാങ്ങാവുന്ന സാധനങ്ങളുടെ വിലയായി നൽകാവുന്ന ​ഇന്ത്യൻ രൂപയുടെ ഉയർത്തിയ പരിധി, കസ്റ്റംസ് തീരുവ ഇളവുകൾക്കകത്തുള്ളതാണെന്നു കസ്റ്റംസ് അറിയിച്ചു. നിബന്ധനകൾക്കു വിധേയമായി, ‌50,000 രൂപ വരെയുള്ള സാധനങ്ങൾ ഇനി തീരുവ ഇളവോടെ യാത്രക്കാർക്കു വിദേശത്തുനിന്നു കൊണ്ടുവരാം.‌

ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ചില യാത്രക്കാർ വിദേശത്തുനിന്നു സാധനങ്ങൾ വാങ്ങാതെ, ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ ആശ്രയിക്കാറുണ്ട്. ഇങ്ങനെയുള്ളവർ സാധനങ്ങളുടെ വില മുഴുവനായി വിദേശ കറൻസിയിൽ അടയ്ക്കണമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിബന്ധന. പിന്നീട്, 5000 രൂപ വരെ ഇന്ത്യൻ കറൻസി നൽകാമെന്നാക്കി. ഈ പരിധിയാണ് ഇപ്പോൾ 25,‌000 രൂപയാക്കിയത്. ​​

അതേസമയം, വില മുഴുവനായോ ‌ഭാഗികമായോ വിദേശ കറൻസിയിൽ നൽകുന്നതിന് ഇപ്പോ‌ഴും തടസ്സമില്ലെന്നു കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു വരുമ്പോൾ 25,000 രൂപ വരെ ഇന്ത്യൻ കറൻസിയായി കൈവശം കരുതാനും ഇനി അനുവദിക്കും.

രാജ്യാന്തര യാത്രക്കാരുടെ തീരുവ ഇളവുകളുടെ പരിധി ഉയർത്തിയിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു. ‌അതായത്, വിദേശത്തുനിന്നു കൊണ്ടുവരുന്നതും ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്നു വാങ്ങിയതും ചേർത്ത് 50,000 രൂപ വരെയുള്ള ബാഗേജുകൾക്കാണു കസ്റ്റംസ് തീരുവ സൗജന്യം ലഭിക്കുക.