വ്യോമസേനാ വിമാനം കണ്ടെത്താന്‍ അമേരിക്കയുടെ സഹായം തേടി

159

കാണാതായ വ്യോമ സേന വിമാനം കണ്ടെത്താനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടി. വിമാനം കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭ്യമാവാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. അമേരിക്കയുടെ സഹായം തേടിയതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് അറിയിച്ചത്.
കഴിഞ്ഞ ജൂലായ് 22നാണ് ചെന്നൈ താംബരത്തുനിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്.
വ്യോമസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക, വ്യോമ സേനകളുടെ നേതൃത്വത്തില്‍ വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താനായില്ല. കടലില്‍ അന്വേഷണ സംഘം കണ്ടെത്തിയ അവശിഷ്‌ടങ്ങളൊന്നും കാണാതായ വിമാനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.