തൊഴില്‍ നഷ്‌ടപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്നത്തിന് ഉടന്‍ പരിഹാരമാകുമെന്ന് വി.കെ സിങ്

193

തൊഴില്‍ നഷ്‌ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്നത്തിന് ഉടന്‍ പരിഹാരമാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദി സര്‍ക്കാര്‍ സൗജന്യ ടിക്കറ്റ് നല്‍കും. തൊഴില്‍ നഷ്‌ടമായി സൗദിയില്‍ കുടുങ്ങിയവരുടെ ഇക്കാമ പുതുക്കി നല്‍കുമെന്നും ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു.
സൗദി ഓഫര്‍ കമ്പനിയുടെ സുമൈസിയിലുള്ള ക്യാമ്പാണ് വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സന്ദര്‍ശിച്ചത്. ഒന്നര മണിക്കൂറോളം അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം ചിലവഴിച്ചു. സൗദി ഭരണാധികാരികളുമായും ഉദ്ദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളിലെ തീരുമാനം വി.കെ സിങ്, തൊഴിലാളികളെ അറിയിച്ചു. ശമ്പള കുടിശികയും ആനുകൂല്യങ്ങളും ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് സൗദി തന്നെ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ ഫ്രീ എക്‌സിറ്റ് വിസയിലൂടെ നാട്ടിലേക്ക് വരണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇന്ത്യന്‍ അംബാസിഡര്‍ അടക്കമുള്ള ഉന്നത ഉദ്ദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരികെ പോകാനും രാജ്യത്ത് തന്നെ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും സൗകര്യമൊരുക്കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതിനിധി തന്നെ ഉറപ്പു നല്‍കി.
നാട്ടില്‍ പോകേണ്ടവര്‍ക്ക് വിമാന ടിക്കറ്റ് സൗജന്യമായി സൗദി സര്‍ക്കാര്‍ നല്‍കും. മറ്റ് കമ്പനികളിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ താല്‍കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് തുക ഈടാക്കില്ലെന്നും തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പള കുടിശികയും ആനുകൂല്യങ്ങളും എത്ര സമയത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് വി.കെ സിങ് തൊഴിലാളികളെ അറിയിച്ചു. ജോലി ചെയ്ത കമ്പനിയില്‍ നിന്ന് തുക വാങ്ങി തൊഴിലാളികള്‍ക്ക് അയച്ചു നല്‍കുമെന്നാണ് വി.കെസിങ് തൊഴിലാളികളോട് പറഞ്ഞത്. എന്നാല്‍ വെറും കൈയ്യോടെ നാട്ടിലേക്ക് മടങ്ങാനില്ലെന്നും ശമ്പള കുടിശികയും ആനുകൂല്യങ്ങളും ലഭ്യമാക്കിയതിന് ശേഷം മാത്രമേ മടങ്ങുന്നുള്ളുവെന്ന നിലപാടിലാണ് ഭൂരിപക്ഷം തൊഴിലാളികളും.

NO COMMENTS

LEAVE A REPLY