എച്ച്.ഒ.സി.എല്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍ സമരം തുടങ്ങി

235

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കൊച്ചി അമ്പലമുകള്‍ പ്ലാന്റിലെ അഞ്ഞൂറിലധികം ജീവനക്കാര്‍. കമ്പനിക്ക് മുന്നില്‍ സംയുക്ത സമര സമിതി അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി.
എച്ച്ഒസിയിലെ അഞ്ഞൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് 13 മാസം കഴിഞ്ഞു. മുന്നറിയിപ്പൊന്നും ഇല്ലാതെ കമ്പനി പൂട്ടിയാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ലാഭകരമായാണ് കൊച്ചി യൂണിറ്റ് പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ മുംബൈയിലെ മാതൃ യൂണിറ്റ് നഷ്‌ടത്തിലായതോടെ കൊച്ചി എച്ച്ഒസിയും പ്രതിസന്ധിയിലായി. ഇടക്കാല പുനരുദ്ധാരണ പാക്കേജ് സര്‍ക്കാരിന്റെ പരിഗണനയിലിക്കെയാണ് മാനേജ്മെന്റിനെയും ജീവനക്കാരെയും ഞെട്ടിച്ച് പൂട്ടാനുള്ള തീരുമാനം പുറത്തുവന്നത്. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ദേശീയപാത ഉപരോധിച്ച് സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.