ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിഥിൻഭായ് പട്ടേലെന്ന് സൂചന

156

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന ആരോഗ്യമന്ത്രി നിഥിൻഭായ് പട്ടേലിന് നറുക്ക് വീഴാൻ സാധ്യത. നിയമസഭാംഗം സൗരഭ് പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് രൂപാണി എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ച ആനന്ദീബെൻ പട്ടേലിനെ പഞ്ചാബ് ഗവർണറായി നിയമിച്ചേക്കും.
ബിജെപിക്ക് സംസ്ഥാനത്തുണ്ടായ പ്രതിഛായ നഷ്ടം പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ആലോചനകളാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. ശക്തനായ ഒരു നേതാവിന്‍റെ കീഴിൽ തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റുമെന്ന് ബിജെപി നേതൃത്വം മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിധിൻഭായ് പട്ടേലിന്‍റെ പേര് ഉയർന്നുവരുന്നത്. മെഹ്സാനയിൽനിന്നുള്ള നിയമസഭാ അംഗമായ നിധിൻ പട്ടേൽ നിലവിൽ സംസ്ഥാന ആരോഗ്യ മന്ത്രിയാണ്. മുതിർന്ന നേതാവുകൂടിയായ നിധിൻഭായ് പട്ടേൽ, സംവരണസമരം നയിക്കുന്ന പട്ടേൽ സമുദായത്തിനും പ്രിയങ്കരനാണ്.
അകോടയിൽ നിന്നുള്ള നിയമസഭാംഗം സൗരഭ് പട്ടേലിന്‍റെ പേരും മുഖ്യമന്ത്രിപദത്തിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. സംസ്ഥാന ക്യാബിനെറ്റിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മന്ത്രിയാണ് സൗരഭ് പട്ടേൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് രൂപാണിയെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. അമിത് ഷായുമായുള്ള അടുപ്പമാണ് രൂപാണിക്കുള്ള പ്ലസ് പോയിന്റ്. എന്നാൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതായിരിക്കും. ആനന്ദീബെൻ പട്ടേലിനെ പഞ്ചാബ് ഗവർണറാക്കിയേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് അലയടിക്കുന്ന ദളിത് പ്രതിഷേധത്തെ തണുപ്പിക്കുക എന്നതാവും പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കുന്ന ആദ്യത്തെ വെല്ലുവിളി