രാജ്നാഥ് സിംഗ് അടുത്ത ആഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കും

162

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അടുത്തയാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കും. പത്താന്‍കോട്ട് ഭീകരാക്രമണത്തിനും കശ്‍മീരിലെ സംഘര്‍ഷത്തിനും ശേഷം ആദ്യമായാണ് ഇന്ത്യയിലെ ഒരു പ്രമുഖനേതാവ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് അടുത്ത മാസം മൂന്നിനാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇസ്ലാമാബാദിലേക്ക് പോകുന്നത്.
കശ്‍മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ബാന്‍ വാനിയെ വധിച്ചതിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നടത്തി. മാത്രമല്ല കശ്‍മീര്‍ പരിഹരിക്കപ്പെടാത്ത അജണ്ടയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ ഐക്യരാഷ്‌ട്രസഭയില്‍ തന്നെ ഇന്ത്യ തള്ളിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനുമായി ചര്‍ച്ചകള്‍ വീണ്ടും നടത്താന്‍ ശ്രമിച്ചുവെങ്കിലും പത്താന്‍കോട്ട് ആക്രമത്തോടെ ബന്ധം വീണ്ടും ഉലഞ്ഞു. സാര്‍ക്ക് സമ്മേളനത്തിനെത്തുന്ന രാജ്നാഥ്സിംഗ് പാകിസ്ഥാന്‍ നേതാക്കളുമായി ഉഭയകക്ഷിചര്‍ത്തകള്‍ ചര്‍ച്ചകള്‍ നടത്തുമോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല