നേത്രാവതി എക്‌സ്പ്രസില്‍ തീയിട്ട യുവാവ് മരിച്ചു

195

കൊച്ചി: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിക്കുള്ളില്‍ തീകൊളുത്തിയ യുവാവ് മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ് തമിഴ്‌നാട് വെല്ലുര്‍ സ്വദേശി നിവാസ് (24) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഉച്ചയോടെയാണ് മരിച്ചത്. യുവാവിന്‍റെ ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു.
ബുധനാഴ്ചയായിരുന്നു സംഭവം. സഹയാത്രികരുടെ ബാഗ് മോഷ്ടിച്ച് ഓടാന്‍ ശ്രമിച്ച ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ശുചിമുറിയില്‍ കയറി പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ ചവിട്ടിപൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്.
ദേഹമാസകലം പൊള്ളലേറ്റ യുവാവിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്‌ടെത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.