ജൈവകൃഷി ഏലയിലേക്ക് വെള്ളമെത്തിച്ച് ഗാന്ധി ഹരിതസമൃദ്ധി

184

നെയ്യാറ്റിന്‍കര: ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം ഏലയിലെ വാഴ, പയര്‍, വെള്ളരി തുടങ്ങിയ കൃഷികള്‍ക്ക് വെള്ളം കിട്ടാത്തതിനാല്‍ ഗാന്ധി ഹരിതസമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ വെള്ളമെത്തിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെ ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനില്‍ കുളത്തിങ്കലും കര്‍ഷകരും ധര്‍ണ്ണ നടത്തുകയും തിങ്കളാഴ്ച രാവിലെ ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫീസര്‍ ഡി. അനില്‍ കുമാറിനെ തടഞ്ഞുവയ്ക്കുകായും ചെയ്തിരുന്നു. തുടര്‍ന്ന്‍ കനാല്‍ തുറക്കുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ അടഞ്ഞുകിടന്ന അഴകിക്കോണം പൈപ്പ് പാറശ്ശാല ഫയര്‍ഫോഴ്‌സും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും ഗാന്ധി ഹരിതസമൃദ്ധി പ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് വൃത്തിയാക്കിയ ശേഷം നെടിയാന്‍കോടിലെ കനാല്‍ ഷട്ടര്‍തുറന്ന് കൃഷിയിടത്തിലേക്ക് വെള്ളം എത്തിച്ചു.ഗാന്ധി മിത്ര മണ്ഡലം ചെയര്‍മാന്‍ എം. വേണുഗോപാലന്‍ തമ്പി, സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. മര്യാപുരം ശ്രീകുമാര്‍, എം.ആര്‍. സൈമണ്‍, മാരായമുട്ടം സുരേഷ്, കൊറ്റാമം വിനോദ്, കോട്ടൂക്കോണം കൃഷ്ണകുമാര്‍, മാരായമുട്ടം രാജേഷ്, വാര്‍ഡ് മെമ്പര്‍ ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.