കശ്മീര്‍ വിഘടനവാദികള്‍ക്ക് എല്ലാവിധത്തിലുമുള്ള പിന്തുണ നല്‍കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

205

ഇസ്ലാമാബാദ്: ഇന്ത്യാ-പാക് സംഘര്‍ഷം കടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ ശക്തമാക്കി പാകിസ്താന്‍. കശ്മീര്‍ വിഘടനവാദികള്‍ക്ക് എല്ലാവിധത്തിലുമുള്ള പിന്തുണ നല്‍കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. വിഘടനവാദികള്‍ക്ക് നയതന്ത്രപരമായും അല്ലാതെയുമുള്ള പിന്തുണ തുടരുമെന്നും കശ്മീര്‍ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്തതിന്റെ അസ്വസ്ഥതയാണ് ഇന്ത്യയ്ക്കെന്നും നവാസ് ഷെരീഫ് പറഞ്ഞു.പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക ഫെഡറല്‍ മന്ത്രിസഭാ യോഗത്തിലാണ് നവാസ് ഷെരീഫിന്റെ പ്രസ്താവനയുണ്ടായത്.19-ാമത് സാര്‍ക്ക് ഉച്ചകോടി ബഹിഷ്കരിച്ച ഇന്ത്യയുടെ നടപടി ദാരിദ്ര്യത്തിനെതിരെ പോരാടണമെന്നുള്ള നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണെന്നും ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യമറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുകയാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ആക്രമണവും ചെറുക്കാന്‍ പാകിസ്താന്‍ സജ്ജമാണെന്നും ഷെരീഫ് വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ സൈനിക നടപടിയില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനുമിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നാണ് സൂചന. ഇന്ത്യയുടെ ആക്രമണത്തെ സര്‍ക്കാര്‍ അപലപിക്കുമ്ബോള്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന അഭിപ്രായത്തിലാണ് സൈന്യം.ഭീകരതയുടെ പേരില്‍ രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഈമാസം അഞ്ചിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും പാകിസ്താന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതേസമയം പാകിസ്താന്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ചൈന മൗനത്തിലാണ്. ഇന്ത്യയുടെ നടപടികളെ ആരും കുറ്റപ്പെടുത്താന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

NO COMMENTS

LEAVE A REPLY