കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് ദേശീയ അവാര്‍ഡ്

300

കാസര്‍കോട് : 2019-20 വര്‍ഷത്തെ ഇ ഗവേര്‍ണന്‍സിനുള്ള ദേശീയ അവാര്‍ഡിന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അര്‍ഹനായി. കേന്ദ്ര പേഴ്‌സണല്‍, പബ്ലിക് ഗ്രീവെന്‍സന്‍സ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയ ത്തിന്റെ ഉദ്യേഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് അര്‍ഹനായത്. കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കായി നടപ്പാക്കിയ അര്‍ഹരായ വ്യക്തികള്‍ക്ക് അര്‍ഹതപ്പെട്ട സമയത്ത് അര്‍ഹമായത് ലഭ്യമാക്കുന്ന ‘വി ഡിസേര്‍വ്’ പദ്ധതിക്കാണ് പുരസ്‌കാരം.

ഇ ഗവേര്‍ണന്‍സില്‍ ജില്ലാ തലത്തില്‍ മികവ് പ്രകടിപ്പിക്കുന്ന പദ്ധതികളില്‍ സ്വര്‍ണ്ണമെഡലാണ് കളക്ടര്‍ക്ക് ലഭിച്ചത്. ഫെബ്രുവരി ഏഴിന് മുബൈയില്‍ നടക്കുന്ന ഇ ഗവര്‍ണന്‍സ് ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് ജില്ലയ്ക്ക് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വ്യത്യസ്ത വികസന ക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കളക്ടറെ അഭിനന്ദിച്ചു.

പുരസ്‌കാരം വി ഡിസേര്‍വിന്

അര്‍ഹനായ വ്യക്തിക്ക് ശരിയായ സമയത്ത് ആവശ്യമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ആവിഷ്‌കരിച്ച വീ-ഡിസേര്‍വ് പദ്ധതിയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് . കേന്ദ്ര സര്‍ക്കാരിന്റെ എഡിഐപി പദ്ധതിയുമായി സഹകരിച്ചാണ് വി ഡിസേര്‍വ് പദ്ധതി നടപ്പിലാക്കിയത്. എ ഡി ഐ പി സ്‌കീം പ്രകാരം ജില്ലയില്‍ നടത്തിയ ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത അംഗപരിമിതര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ യുടെ സഹകരണത്തോടെ സഹായ ഉപകരണങ്ങള്‍ നല്‍കിയത്. പദ്ധതി പ്രകാരം 757 അംഗപരിമിതര്‍ക്കാണ് ആധുനിക സഹായ ഉപകരണങ്ങള്‍ നല്‍കിയത.് ജില്ലാ ഭരണകൂടത്തിനുവേണ്ടി കേരള സാമൂഹിക സുരക്ഷ മിഷനാണ് പദ്ധതിയുടെ ഏകോപനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഭാഗമായി www.wedeserve.in എന്ന വെബ്‌സൈറ്റും യാഥാര്‍ത്ഥ്യമാക്കിയിരുന്നു.

വീല്‍ ചെയര്‍, എം.ആര്‍ കിറ്റ്, ബ്രെയ്ലികെയ്ന്‍, സ്മാര്‍ട്ട് ഫോണ്‍, ശ്രവണസഹായ ഉപകരണങ്ങള്‍, വിവിധതരം ക്രച്ചസ് തുടങ്ങിയ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് 19578 അംഗപരിമിതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 4886 പേരെ പരിശോധിച്ചു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 3745 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 21 പഞ്ചായത്തുകളില്‍ ക്യാമ്പ് പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ അംഗപരിമിതര്‍ക്കും യു ഡി ഐഡി കാര്‍ഡ് നല്‍കും. ഈ പദ്ധതി നടപ്പിലാക്കിയതോടെ 2016 ലെ ദേശീയ അംഗപരിമിത നിയമം നടപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ല എന്ന ഖ്യാതി കൂടിയാണ് കാസര്‍കോട് കരസ്ഥമാക്കിയത്.

NO COMMENTS