ഉത്തര്‍പ്രദേശിനെ ആഫ്രിക്കയോട് താരതമ്യം ചെയ്ത് മോദി

212

ലക്നോ: ഉത്തര്‍പ്രദേശില്‍ ആഫ്രിക്കന്‍ പരാമര്‍ശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സാഹചര്യം ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോലെയാണെന്ന് അഖിലേഷ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതായി മോദി പറഞ്ഞു. നാളികേരത്തില്‍ നിന്ന് ജൂസല്ല വെള്ളമാണ് കിട്ടുക എന്നുപോലും അറിയാത്ത രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നതായും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാം ബോല്‍ത്താഹേ എന്ന അഖിലേഷ് പ്രചരണത്തിന് മറുപടി നല്‍കാനാണ് ആഫ്രിക്കന്‍ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് ഉപമിക്കുന്നത് അഖിലേഷ് സര്‍ക്കാര്‍ തന്നെയാണെന്ന് മോദി പറഞ്ഞു. നാളികേരളത്തില്‍ നിന്ന് ജ്യൂസുണ്ടാക്കി ലണ്ടനില്‍ കൊണ്ടുവില്‍ക്കുമെന്നാണ് മണിപ്പൂരില്‍ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. മണിപ്പൂരിലല്ല കേരളത്തിലാണ് തെങ്ങുള്ളതെന്ന് നേതാവിന് അറിഞ്ഞില്ല. ആ കോണ്‍ഗ്രസ് നേതാവിന് ദീര്‍ഘായുസ് ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിച്ചു. നോട്ട് നിരോധനം ഇന്ത്യയെ തകര്‍ക്കുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ച നിരക്ക്. ഓക്‌സ്ഫോര്‍ഡ്, ഹാര്‍വാഡ് സര്‍വ്വകലാശാലകലില്‍ നിന്നിറങ്ങിയ പണ്ഡിതന്മാര്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും കഠിനാദ്ധ്വാനമാണ് ഇന്ത്യയുടെ കരുത്തെന്നും മോദി പറഞ്ഞു. ആദ്യ അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി വിജയിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ട് ഘട്ടങ്ങള്‍ ബി.ജെ.പിക്ക് ബോണസാണെന്നും മോദി പറഞ്ഞു. മാര്‍ച്ച് നാലിന് ആറാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ പോകുന്ന യു.പിയിലെ മഹാരാജ് ഗഞ്ചിലായിരുന്നു മോദിയുടെ പ്രചരണം.

NO COMMENTS

LEAVE A REPLY