നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് നരേന്ദ്ര മോദി

133

ന്യൂഡല്‍ഹി • 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. പ്രതിപക്ഷ കക്ഷികളുമായുള്ള ആശയ വിനിമയം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. രാജ്യത്തിന്റെ നന്‍മ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടികള്‍. ശീതകാല സമ്മേളനത്തില്‍ വളരെ ഗുണകരമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പിന്തുണയ്ക്ക് നന്ദി. ജിഎസ്ടി വിഷയത്തിലും എല്ലാ പാര്‍ട്ടികളുടെയും സഹകരണം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നള്ള പ്രതിപക്ഷത്തിന്‍റെ കൂട്ടായ കടന്നാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെട്ടു നില്‍ക്കെയാണ് ശീതകാലസമ്മേളനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചില്ലെങ്കില്‍ സമ്മേളനം പൂര്‍ണമായി ബഹിഷ്കരിക്കുമെന്നാണു പ്രതിപക്ഷ ഭീഷണി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെട്ടത്. പാക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണം, ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി, കശ്മീരിലെ ആഭ്യന്തര കലഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ലമെന്‍റില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ബില്ലുകള്‍, വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ബില്‍, പ്രസവാനുകൂല്യ നിയമ ഭേദഗതി ബില്‍ തുടങ്ങിയവയും ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കെടുക്കും.

NO COMMENTS

LEAVE A REPLY