പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി.

201

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ആകെ 426 പരാതികളാണ് ഈ തിരഞ്ഞെടുപ്പ് കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇവ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇതിൽ നിന്നാണ് പ്രധാനമന്ത്രിക്കെതിരായ പരാതി കാണാതായത്.

പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കും ബലാകോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സൈനികർക്കും വോട്ട് സമർപ്പിക്കണമെന്ന മോദിയുടെ പ്രസംഗമാണ് പരാതിക്ക് കാരണമായിരുന്നത്. കൊൽക്കത്ത സ്വദേശിയായ മഹേന്ദ്ര സിങാണ് ഏപ്രിൽ 9-ന് പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്.

പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ തന്റെ പരാതി പരിശോധിച്ചപ്പോൾ പരിഹരിക്കപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചതെന്ന് മഹേന്ദ്ര സിങ് പറയുന്നു. എന്നാൽ പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പിശക് കാരണമാണ് പരാതി സൈറ്റിൽ നിന്ന് പോയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പരാതി നിലവിലുണ്ടെന്നും മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ച് വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പരാതി നൽകി രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും കമ്മീഷൻ പരാതിയിൽ യാതൊരു ഇടപെടലും നടത്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്ട്രയിലെ പ്രസംഗത്തിന് ശേഷവും പ്രധാനമന്ത്രി സമാനമായ പരാമർശങ്ങൾ നടത്തിയതായും വിമർശകർ ആരോപിക്കുന്നു.

NO COMMENTS