വ്യാജ രസീത് കൂപ്പണുകള്‍ ഉപയോഗിച്ച്‌ പണപ്പിരിവ് നടത്തിയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

226

തിരുവനന്തപുരം: വ്യാജ രസീത് കൂപ്പണുകള്‍ ഉപയോഗിച്ച്‌ വാഹന ഉടമകളില്‍ നിന്നും ഡീലര്‍ മാരില്‍ നിന്നും പണപ്പിരിവ് നടത്തിയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
വയനാട് ആര്‍.ടി.ഒ ആയ സത്യന്‍, കൊല്ലം മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായ ശരത് ചന്ദ്രന്‍, എറണാകുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.ബി.ഐ. ചെറിയാന്‍, തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ പി.പി ചെറിയാന്‍ എന്നിവരേയാണ് സസ്പെന്‍ഡ് ചെയ്തത്.റോഡ് സുരക്ഷാ ബോധവല്‍ക്കരണം 2015ന്റെ ഭാഗമായാണ് മേലുദ്യോഗസ്ഥരുടെഅനുമതിയില്ലാതെ നിയമവിരുദ്ധമായി പ്രിന്റ് ചെയ്ത രസീത് കൂപ്പണുകള്‍ ഉപയോഗിച്ച്‌ ഇവര്‍ പണപ്പിരിവ് നടത്തിയത്. കേരളത്തിന്റെ പലഭാഗത്തായി റിപ്പോര്‍ട്ട് ചെയ്ത കേസ് വിജിലന്‍സാണ് അന്വേഷിച്ചത്. ജൂലൈ രണ്ടിന് വിഷയത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.1000 മുതല്‍ 10,000 രൂപവരെയാണ് ഇവര്‍ പലരില്‍ നിന്നും പിരിച്ചെടുത്തത്. കേരളത്തില്‍ നിന്ന് മുഴുവനും 15 കോടിയോളം വരുമെന്നാണ് കണ്ടെത്തിയത്. വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തിലാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് കേസന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY