വിദ്യാർഥികൾ പഠനത്തോടൊപ്പം നൈപുണ്യവും നേടണം – മുരളി തുമ്മാരുകുടി 21-ാം നൂറ്റാണ്ടിലെ തൊഴിൽജീവിതം – ശില്പശാല സംഘടിപ്പിച്ചു

120

തിരുവനന്തപുരം : വിദ്യാർഥികൾ പഠനത്തോടൊപ്പം വിവിധ മേഖലകളിൽ നൈപുണ്യവും ആർജിക്കണമെന്ന് യു.എൻ.ഇ.പി ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറഞ്ഞു. പി. എം. ജി. സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ 21-ാം നൂറ്റാണ്ടിലെ തൊഴിൽജീവിതമെന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തൊഴിൽ സംസ്‌കാരമാണ് ഈ നൂറ്റാണ്ടിൽ രൂപപ്പെട്ടു വരുന്നത്. തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ പുതുതലമുറ മനസിലാക്കണം. ആജീവനാന്തം ഒരു തൊഴിൽ എന്നത് മാറി വേറിട്ട മേഖലകളിൽ ഒന്നിലധികം തൊഴിൽ എന്ന നിലയിലേക്ക് തൊഴിൽ സംസ്‌കാരം രൂപപ്പെട്ടു വരുന്നുണ്ട്.

ഒരു ജോലിയിൽ നിന്ന് വിരമിച്ച ശേഷവും മറ്റു ജോലികളിൽ ഏർപ്പെടുന്ന നിലയിലേക്ക് സമൂഹം മാറിവരുന്നു. വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെടേണ്ടതിനാൽ കൂടുതൽ പ്രാവശ്യം പഠനത്തിലേക്കും തിരിച്ചുപോകേണ്ടതായി വരും. യന്ത്രവത്കരണവും നിർമിതബുദ്ധിയും പല തൊഴിലുകൾക്കും പകരം അവലംബിക്കുന്ന കാലം അടുത്തുതന്നെ ഉണ്ടാകും.

ഡ്രൈവർ പോലുള്ള തൊഴിലവസരങ്ങൾ ഇല്ലാതാകാനും സാധ്യതയുണ്ട്. ഇത്തരം സാധ്യതകൾ മനസ്സിലാക്കി പുതുതലമുറയെ വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി പ്രാപ്തമാക്കണം. അത്തരത്തിൽ കരിയർ ഗൈഡൻസ് രംഗം മാേറണ്ടതുണ്ടെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.മാതൃഭാഷയ്ക്കു പുറമേ ഇതര ഭാഷകളിൽ പ്രാവീണ്യം നേടുന്നത് തൊഴിൽ രംഗം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കോളേജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ കരിയർ ഗൈഡൻസിന്റെ ചുമതലയുള്ള അധ്യാപകർ, എംപ്ലോയ്മെന്റ് ഓഫീസർമാർ, കരിയർ ഗൈഡൻസ് ക്ലാസെടുക്കുന്നവർ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. എംപ്ലോയ്മെന്റ് ഡയറക്ടർ എസ്. ചന്ദ്രശേഖർ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പി. പി. അജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. മിനി ഡിജോ കാപ്പൻ, ജോർജ് ഫ്രാൻസിസ് എം. എ., ഡോ. ബി. ഹരിഹരൻ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS