മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

198

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതടക്കം മൂന്നാറിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം.എം മണി, ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ റവന്യു-നിയമ സെക്രട്ടറിമാരും ഇടുക്കി കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വന്‍തോതില്‍ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഉണ്ടെന്നാണ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട്. നിയമം ലംഘിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് പരിസ്ഥിതി കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിപക്ഷവും ബി.ജെ.പിയും മൂന്നാര്‍ വിഷയം ആയുധമാക്കുമ്പോള്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് സി.പി.എം-സി.പി.ഐ പ്രാദേശിക നേതൃത്വത്തിന് ഉള്ളത്. ഈപശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. അതേ സമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മൂന്നാറില്‍ സന്ദര്‍ശനം നടത്തും. മൂന്നാറിലെ ഭൂമി കയ്യേറ്റവും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. കയ്യേറ്റം ഒഴിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. സി.പി.എം നേതാക്കള്‍ കയ്യേറിയെന്ന് ആരോപണം ഉയര്‍ന്ന സ്ഥലത്തു നിന്നാകും ചെന്നിത്തലയുടെ സന്ദര്‍ശനം തുടങ്ങുക.