മാനേജരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ കേസ്

141

തൃശൂര്‍: മാനേജരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ പോലീസ് കേസെടുത്തു. നിഷാമിന്റെ തന്നെ സ്ഥാപനമായ കിംഗ് സ്പേസസ് മാനേജരായ പി ചന്ദ്രശേഖരനെയാണ് നിഷാം ജയിലിലെ ഫോണില്‍ നിന്ന് വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. കേസ് നടത്തിപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരം. ജയിലിലെ ലാന്‍ഡ് ഫോണ്‍ നമ്ബറില്‍ നിന്നാണ് വിളിച്ചത്. രണ്ടര വര്‍ഷത്തിനിടെ ഇരുപത് തവണ ജയിലില്‍ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിഷാം പെരുമാറിയതെന്നും തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിഷാം ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുള്‍പ്പെടെയാണ് ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്.