കൂട്ടിലടക്കപ്പെട്ട തത്തയായ സി.ബി.ഐയുടെ ചിറകരിഞ്ഞിരിക്കുകയാണ് നരേന്ദ്രമോദിയെന്ന് മുഹമ്മദ് റിയാസ്

244

കൂട്ടിലടക്കപ്പെട്ട തത്തയായ സി.ബി.ഐയുടെ ചിറകരിഞ്ഞിരിക്കുകയാണ് നരേന്ദ്രമോദിയെന്ന് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. അലോക് വര്‍മ്മയെ തെറിപ്പിച്ചവര്‍ക്ക് രാകേഷ് അസതാന എന്ന സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ പ്രിയങ്കരനാവുന്നത് ഭരണകൂടത്തിന്റെ വിനീതവിധേയന്‍ ആകുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്”
സംവിധാനം -മോദിജി

-പി.എ.മുഹമ്മദ് റിയാസ്-

‘സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്ത’ എന്ന് നിരീക്ഷിച്ചത് സുപ്രീംകോടതിയായിരുന്നു. ആ തത്തയുടെ ചിറകും കൂടി അരിഞ്ഞെടുത്തിരിക്കുന്നു. കാരണം ലളിതം അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ ആസ്ഥാനത്ത് തുടര്‍ന്നാല്‍ ഒരുപക്ഷേ നരേന്ദ്രമോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂട്ടിലടക്കപ്പെട്ടേക്കാം.

ഈ മാസം ആദ്യം അലോക വര്‍മ്മയുടെ ഓഫീസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിശിതവിമര്‍ശകര്‍ യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂറി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ എത്തി കൈമാറിയ റാഫേല്‍ അഴിമതി സംബന്ധിച്ച രേഖകളെ പറ്റി ആലോചിക്കുമ്പോള്‍ മുട്ടിടിക്കുന്നവര്‍ തന്നെയാണ് അലോക വര്‍മ്മയെ നീക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

കൂടാതെ 5000 കോടി തട്ടിയെടുത്ത രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിനി സന്ദേസരയ്ക്ക് എതിരായ അന്വേഷണവും അവസാനഘട്ടത്തിലാണ്. മോദിയുടെ വിശ്വസതന്‍ ഭാസ്‌ക്കര്‍ ഖുല്‍ബേക്കിനെതിരെ കല്‍ക്കരി കമ്പനിക്ക് ഖനനാനുമതി സംബന്ധിച്ച പരാതി.

പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് നിയമനങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോഴ എത്തിച്ച കണ്ണിയായി പ്രവര്‍ത്തിച്ച ഒരാള്‍ ഡല്‍ഹിയില്‍ 3 കോടി രൂപയുമായി പിടിയിലായ കേസ്, മോദിയുടെ വിശ്വസ്തനായ ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയ്ക്ക് എതിരെ ഉയര്‍ന്ന നീരവ് മോദിയെ സഹായിച്ചതടക്കമുള്ള ആരോപണങ്ങള്‍, അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.നാരായണ ശുക്ലയ്ക്ക് എതിരായ കേസ് ഇതൊക്കെ സി.ബി.ഐ ഡയറക്ടറുടെ മേശപ്പുറത്തെ ഫയലില്‍ ഉള്ളപ്പോള്‍ അന്വേഷണം ശരിയായി നടന്നാല്‍ തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന പല പ്രമുഖരും പ്രതിപ്പട്ടികയില്‍ വരും. അത് ചെറുമീനുകള്‍ ആവില്ല ഭരണനേതൃത്വത്തിലെ ‘വമ്പന്‍ സ്രാവുകള്‍’ തന്നെയാവും.

1998-ല്‍ വാജ്പേയ് പ്രധാനമന്ത്രി ആയ കാലത്താണ് ഇതിന് മുമ്പ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. അന്ന് ധീരുഭായ് അംബാനി എന്ന കോര്‍പ്പറേറ്റ് കുലപതിക്ക് എതിരായ കേസായിരുന്നു കാരണം. വന്‍കിട കോര്‍പ്പറേറ്റുകളെ തൊടുമ്പോള്‍ ഭരണനേതൃത്വത്തിന് ഇങ്ങനെ പൊള്ളല്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ആര്‍ക്കാണ് ഇത്രപ്രയാസം.?

അലോക് വര്‍മ്മയെ തെറിപ്പിച്ചവര്‍ക്ക് രാകേഷ് അസതാന എന്ന സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ പ്രിയങ്കരനാവുന്നത് ഭരണകൂടത്തിന്റെ വിനീതവിധേയന്‍ ആകുന്നതുകൊണ്ടാണ്. ഗുജറാത്ത് കേഡറില്‍പെട്ട രാകേഷ് അസതാനക്കെതിരെ സി.ബി.ഐ തന്നെ അന്വേഷിക്കുന്ന 6 അഴിമതികേസുകള്‍ നിലവിലുണ്ട്. തലപ്പത്ത് തമ്മിലടി അതുകൊണ്ട് സി.ബി.ഐ ഡയറക്ടറെ മാറ്റി എന്ന വാദത്തിനാണ് കേന്ദ്രഭരണക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

NO COMMENTS