ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ അമിത് ഷായ്ക്ക് കത്തുനല്‍കി

103

ന്യൂഡല്‍ഹി: ‘അയോധ്യ 1992’, ‘ഗുജറാത്ത് 2002’, ‘മുസഫര്‍നഗര്‍ 2013’ തുടങ്ങിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപങ്ങള്‍ വീണ്ടും തെരുവുകളില്‍ ആവര്‍ത്തിക്കുകയാണെന്നും ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ നിഷ്പക്ഷ മായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എംപിമാരായ കെ കെ രാഗേഷും ബിനോയ് വിശ്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി. പൊലീസുകാരുള്‍പ്പെടെ 38പേര്‍ കൊല്ലപ്പെട്ടു. 200ല്‍ ഏറെ ആളുകള്‍ക്ക് പരിക്കേറ്റു. കലാപബാധിത മേഖലയില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്. ഇവിടെ കലാപത്തിനിരയായി ഭയചകിതരായി ജീവിക്കുന്ന വിവിധ മതസമുദായങ്ങളിലെ നിരവധിപ്പേര്‍ നടുക്കുന്ന അനുഭവങ്ങള്‍ തങ്ങളോട് വിവരിച്ചു.

കലാപബാധിത മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷമാണ് ഇരുവരും കത്തുനല്‍കിയത്. കലാപത്തിനുപിന്നിലെ ഗൂഢാലോചനയിലും അക്രമികള്‍ക്കുമെതിരെ നടപടിവേണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംരക്ഷണവും മതസൗഹാര്‍ദ്ദവും ആത്മവിശ്വാസവും നല്‍കാനുള്ള ഇടപെടലുണ്ടാകണം. ശക്തമായ പൊലീസ് പെട്രോളിങും ഉറപ്പാക്കി കലാപം അടിച്ചമര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.തിരിച്ചടി മനസിലാക്കിയാണ് ബിജെപി അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി

കലാപകാരികള്‍ പ്രകോപനപരവും വര്‍ഗീയവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി കമ്ബും കല്ലുകളുമായാണ് ജഫ്രബാദിലെ പ്രതിഷേധ വേദിക്ക് ചുറ്റുമുള്ള മേഖലകളില്‍ ആക്രമണം നടത്തിയത്. മുസ്ലിങ്ങളെയും അവരുടെ വീടുകളും കടകളും തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും ജയ്ശ്രീറാം മുഴക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവിടെക്കിടന്ന് ഇല്ലാതാവുക, അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോവുക എന്ന ഭീഷണിയാണ് അക്രമികള്‍ ഉയര്‍ത്തിയത്. അക്രമികള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അനുവാദംനല്‍കി പൊലീസ് നിശബ്ദകാഴ്ച്ചക്കാരായി.

എല്ലാ മതവിഭാഗങ്ങളും ജീവനോപാധികളടക്കം നഷ്ടപ്പെട്ട് ഭയന്നാണ് കഴിയുന്നത്. സായുധ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ കുട്ടികളെ സ്‌കൂളിലയക്കാനും രക്ഷിതാക്കള്‍ ഭയപ്പെടുന്നു. അക്രമികളെ നേരിടാന്‍ ആവശ്യമായ പൊലീസ്, അര്‍ധസൈനിക സേനാംഗങ്ങളെ പലയിടത്തും കാണാനില്ല. ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെയും ഡല്‍ഹിയിലെ സിഖ് വിരുദ്ധ കലാപത്തിന്റെയും ഓര്‍മ്മകളെക്കാള്‍ നടുക്കുന്നതാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഭവിക്കുന്നത്.

കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും കലാപത്തിനുപിന്നിലുണ്ട്. വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജാമിയയിലും ഷഹീന്‍ബാഗിലും പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍വേണം ഇത് കാണേണ്ടത്. രാഷ്ട്രീയനേട്ടത്തിനായി കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കള്‍ അപരവിദ്വേഷം ജനിപ്പിക്കുകയാണ്. ജഫ്രബാദ് പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് ഫെബ്രുവരി 23നാണ്‌ കപില്‍ മിശ്ര അന്ത്യശാസനം നല്‍കിയത്. സമാധാനപരമായ ഷഹീന്‍ബാഗ് സമരം രാജ്യത്ത് സമാനമായ പ്രതിഷേധങ്ങള്‍ക്ക് പ്രചോദനമായി.

NO COMMENTS