മങ്കിപോക്സ് രോഗനിർണയം സംസ്ഥാനത്ത് ലഭ്യമാക്കും ; മന്ത്രി വീണാ ജോർജ്

16

മങ്കിപോക്സ് രോഗ നിർണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ആർടിപിസിആർ പരിശോധന നടത്താൻ കഴിയുന്ന 28 സർക്കാർ ലാബുകൾ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടമായി എൻഐവി പൂനയിൽ നിന്നും ആലപ്പുഴ എൻഐവിയിൽ ടെസ്റ്റ് കിറ്റുകൾ അടിയന്തരമായി ലഭ്യമാക്കി പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജുമായി കേന്ദ്ര സംഘം ചർച്ച നടത്തി. മൂന്നു ദിവസത്തെ സന്ദർശന വിശദാംശങ്ങൾ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.

സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതായി മന്ത്രി പറഞ്ഞു. എല്ലാ അന്താരാഷ്ട്ര എയർപോർട്ടുകളിലും ഹെൽപ് ഡെസ്‌ക് ആരംഭിച്ച് നിരീക്ഷണം ഊർജിതമാക്കി. യാത്രക്കാരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ സുരക്ഷിതമായി ഐസൊലേഷൻ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നൽകും. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീട്ടിലെത്തിയ ശേഷം മങ്കിപോക്സിന്റെ രോഗ ലക്ഷണങ്ങൾ കണ്ടാൽ ദിശ ടോൾ ഫ്രീ നമ്പർ 104, 1056, 0471 2552056 മുഖേന ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാൻ അവബോധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല കൺട്രോൾ റൂമും ആരംഭിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രോഗ നിരീക്ഷണത്തിനും മാനേജ്മെന്റിനുമായുള്ള മാർഗരേഖ തയാറാക്കി വരുന്നു.

ജില്ലകളിൽ ഐസൊലേഷൻ സൗകര്യം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലൻസ് സംവിധാനം ജില്ലകളിൽ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി വരുന്നു. പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് അഡൈ്വസർ ഡോ. പി. രവീന്ദ്രൻ, എൻസിഡിസി ജോ. ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ പ്രൊഫസർ ഡോ. അനുരാധ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പിപി പ്രീത, അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിദ്യ, അസി. ഡയറക്ടർ ഡോ. ബിനോയ് എസ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

NO COMMENTS