മോടികൂട്ടി മൊട്ടക്കുന്ന് – വാഗമണ്ണിലെ നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു

137

ഇടുക്കി : വാഗമണ്‍ മൊട്ടക്കുന്നിന്റെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ക്കായി നടന്നുവന്ന നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, പാര്‍ക്കിംഗ് ഏരിയ, നടപ്പാത എന്നിവയുടെ ഉദ്ഘാടനം ഇ. എസ്. ബിജിമോള്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വാഗമണ്ണിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് നമ്മുടെ കടമയാണെന്നും നവീകരണ പദ്ധതികളിലൂടെ ഇത് നടപ്പാക്കിയിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.

വാഗമണ്‍ മൊട്ടക്കുന്നിലേയ്ക്കുള്ള റോഡ് റീടാറിംഗിനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നു. സഞ്ചാരികള്‍ക്കായി അഡൈ്വഞ്ചര്‍ പാര്‍ക്ക് തുറന്നു നല്കുവാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ ഉണ്ടാകണമെന്നും വാഗമണ്ണിന്റെ ടൂറിസം വികസിക്കുന്നതോടൊപ്പം പ്രദേശവാസികള്‍ക്കു കൂടി ടൂറിസം മേഖലയില്‍ നിന്നും വരുമാനം ലഭിക്കും വിധത്തില്‍ പദ്ധതികള്‍ നടപ്പാക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.

മികച്ച പ്രവേശന കവാടം, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററും ടിക്കറ്റ് കൗണ്ടറും, കല്ലുപാകി വശങ്ങളില്‍ ചെടി നട്ട് മനോഹരമാക്കിയ നടപ്പാത, സിറ്റിംഗ് ബെഞ്ചുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, സെന്‍സര്‍ സംവിധാനമുള്ള എല്‍ഇഡി ലൈറ്റിംഗ്, വേയ്സ്റ്റ് ബിന്നുകള്‍, ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയ വിശാലമായ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി വാഗമണ്‍ മൊട്ടക്കുന്നില്‍ ഒരുക്കിയിരിക്കുന്നത്. ടൂറിസം വികസന ഫണ്ട് 99 ലക്ഷത്തോളം രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സിയായ വാപ്‌കോസിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൊട്ടക്കുന്നിന് സമീപമുള്ള തടാകത്തോട് ചേര്‍ന്ന് റോസ് ഗാര്‍ഡനും മൊട്ടക്കുന്നില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് സജ്ജീകരിക്കാനും പുതിയ പദ്ധതിയുണ്ട്.

കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ തന്നെ ഒന്നര ലക്ഷത്തോളം പേര്‍ മണ്‍സൂണ്‍ ടൂറിസം സീസണിലാണ് എത്തിയത്. സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് നിലവിലുള്ള ടോയ്‌ലറ്റ് ബ്ലോക്കിന് പുറമെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കൂടി നിര്‍മ്മിച്ചത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മറ്റിയാണ് മൊട്ടക്കുന്നിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

മണ്‍സൂണ്‍ ടൂറിസത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ സന്ദര്‍ശകരാണ് വാഗമണ്ണിലെത്തിക്കൊണ്ടിരിക്കുന്നത്. ഡി എം സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയന്‍.പി.വിജയന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രന്‍, ഡി എം സി അംഗങ്ങളായ വി.സജീവ്കുമാര്‍, എം.വര്‍ഗീസ്, ആര്‍.രവികമാര്‍, കെ.പി.വിജയന്‍, എന്‍.എം.കുശന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സി.പി.ഔസേപ്പ്, എം.ജി മോഹനന്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.ഡി.ജയിംസ്, അഡ്വ. പി.പി.പ്രകാശ്, ബി.അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS