മോദിയുടെ അഞ്ചു രാജ്യങ്ങളിലെ സന്ദര്‍ശനം നയതന്ത്രവിജയം: അമിത് ഷാ

227

ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യങ്ങളിലെ സന്ദര്‍ശനം നയതന്ത്ര വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ നേതൃത്വത്തില്‍ ഐശ്വര്യപൂര്‍ണവും ശക്തിയുമുള്ള രാജ്യമാവുകയാണ് ഇന്ത്യ. ലോകം മുഴുവന്‍ രാജ്യത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കുന്നു. മോദിയുടെ അഞ്ചു രാജ്യങ്ങളിലെ സന്ദര്‍ശനം കൊണ്ട് മുന്‍പ് നേടാന്‍ കഴിയാതിരുന്ന തന്ത്രപ്രധാനവും നയതന്ത്രപരവുമായ പല മേഖലകളിലും വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്നും ബിജെപി അധ്യക്ഷന്‍ അവകാശപ്പെട്ടു.
ആണവദാതാക്കളുടെ സംഘത്തിലും (എന്‍എസ്ജി) മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംഘത്തിലും (എംടിസിആര്‍) ഇന്ത്യയുടെ അംഗത്വത്തിന് യുഎസ് നിര്‍ലോഭ പിന്തുണ നല്‍കുന്നത് രാജ്യത്തിന് വലിയ നേട്ടമാണെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയെ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യമാക്കുന്നതിന് ഇത് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിന്റെ നയതന്ത്ര വിജയത്തിന്റെ ഫലമാണിത്. വര്‍ഷങ്ങളായി പലര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് രണ്ടു വര്‍ഷം കൊണ്ട് ചെയ്തത്. യുഎസ്, മെക്സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് പിന്തുണ നല്‍കിയതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ നയതന്ത്ര വൈദഗ്ദ്ധ്യമാണ്. വിവിധ വിഷയങ്ങളില്‍ യുഎസ് ഇന്ത്യയ്ക്ക് നല്‍കുന്ന പിന്തുണ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃത്തിന്റെ പുതിയ അധ്യായമാണ്.’- അമിത് ഷാ പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY