ഒളികാമറ വിവാദം – ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.കെ രാഘവനിൽ നിന്ന് മൊഴിയെടുത്തു.

145

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.കെ രാഘവനിൽനിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡി.സി.പി. പി. വാഹിദിൻറെ നേതൃത്വത്തിലുള്ള നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്.

ഹിന്ദി ചാനൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പരാതികളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. എംകെ രാഘവൻ നൽകിയ പരാതിയും എൽഡിഎഫ് നൽകിയ പരാതിയും.

വീഡിയോ വ്യാജമായി നിർമിച്ചതാണെന്ന് രാഘവൻ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ചാനൽ മേധാവിയിൽനിന്നും റിപ്പോർട്ടറിൽനിന്നും മൊഴിയെടുക്കും. മൊഴി രേഖപ്പെടുത്തിയശേഷമേ തുടർനടപടികളിലേക്കു കടക്കൂ. ചാനൽ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു.

എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായി മൊഴി കൊടുത്ത ശേഷം എം.കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും നീതിന്യായ കോടതിയും ജനകീയ കോടതിയും ബാക്കി കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ചാനലായ ടിവി 9 ആണ് എംകെ രാഘവനെതിരായി ഒളി കാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സിങ്കപ്പൂർ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നൽകണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്. എന്നാൽ എം.കെ രാഘവൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

NO COMMENTS