ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് – 9 പരാതികള്‍ പരിഗണിച്ചു.

112

കാസര്‍കോട്, കണ്ണൂര്‍ മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതികള്‍ പരിഗണിക്കുന്നതിനായി ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കിയ സിറ്റിങ്ങില്‍ ഒമ്പത് പരാതികള്‍ പരിഗണിച്ചു.

കാസര്‍കോട് ജില്ലയില്‍ നിന്ന് അഞ്ചും കണ്ണൂരില്‍ നിന്ന് നാലു പരാതികളുമാണ് പരിഗണിച്ചത്. കുമ്പളയില്‍ ഒന്നേകാല്‍ സെന്റ് പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ട മൂന്നേകാല്‍ സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് നല്‍കിയ അപേക്ഷ പഞ്ചായത്ത് അധികൃതര്‍ നിരസിക്കുന്നതായി പ്രദേശ വാസിയായ കെ മുഹമ്മദ് പരാതി നല്‍കി.

പരാതിയില്‍ മാനുഷിക പരിഗണന നല്‍കി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ത്രീയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പോലീസ് നടപടി സ്വീകരിക്കുന്നുമില്ലെന്നും ആരോപിച്ച് നല്‍കിയ പരാതിയില്‍ കുറ്റാരോപിതനെ അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കാന്‍ കമ്മീഷന്‍ പോലീസിനോട് നിര്‍ദേശിച്ചു. അടുത്ത സിറ്റിങ് ഡിസംബര്‍ 17ന് കണ്ണൂര്‍ കളക്ടറേറ്റില്‍ നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

NO COMMENTS