ജില്ല, തദ്ദേശ ഭരണ,വാർഡ് കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും : മന്ത്രി

9

സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബർ 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും വിവിധ വാർഡുകളിലും കുടുംബശ്രീ പ്രവർത്തകരും ബഹുജനങ്ങളും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അതേ വേദിയിൽ ക്യാമ്പയിൻ അംബാസഡറായ നടി നിമിഷാ സജയൻ പ്രതിജ്ഞ ചൊല്ലും. സംസ്ഥാനത്തെ കാൽലക്ഷത്തിലേറെ കേന്ദ്രങ്ങളിൽ കുടുംബശ്രീ പ്രവർത്തകരും സ്ത്രീപക്ഷ നവകേരളത്തിന് ഐക്യദാർഡ്യമേകുന്ന ബഹുജനങ്ങളും പ്രതിജ്ഞയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഡിസംബർ 18ന് സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും കുടുംബശ്രീ പ്രവർത്തകർ സ്ത്രീധന, സ്ത്രീ പീഡന വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി വാർഡ് കേന്ദ്രങ്ങളിലേക്ക് നാടുണർത്തൽ പദയാത്ര നടത്തും. കുടുംബശ്രീ പ്രവർത്തകരും കുടുംബാംഗങ്ങളും യുവതീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും യുവജനങ്ങളും സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പൊതുജനങ്ങളും വാർഡ് കേന്ദ്രത്തിൽ ഒത്തുകൂടി സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനത്തിൽ പങ്കാളികളാവുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യും.

സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ നിശാഗന്ധിയിലെ ഉദ്ഘാടന വേദിയിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്യും. സ്നേഹിത ടോൾഫ്രീ നമ്പറിന്റെ പ്രകാശനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിമുതൽ മൂന്ന് മണിവരെ സംസ്ഥാനത്തെ വിവിധ കുടുംബശ്രീ പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS