സംസ്ഥാന കായിക വകുപ്പിന്റെ പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു

60

കാസറഗോഡ് : ദേശീയ ഫുട്‌ബോള്‍ താരം ബങ്കളം രാങ്കണ്ടത്തെ കൊളക്കാട്ട് കുടിയില്‍ ആര്യശ്രീക്ക് സംസ്ഥാന കായിക വകുപ്പിന്റെ പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത അധ്യക്ഷയായി. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി , നഗരസഭ കൗണ്‍സിലര്‍ ഷൈനി കുഞ്ഞിക്കണ്ണന്‍,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍ മാണിയാട്ട് നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം അനില്‍ ബങ്കളം, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍,ഖാദി ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ എം.രാജന്‍, ടി വി കൃഷ്ണന്‍, പള്ളം നാരായണന്‍, വിവി വിജയമോഹനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ ഷിനിത്, പ്രശസ്ത ഫുട്‌ബോള്‍ താരം എം.സുരേഷ്,ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍,സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു .

498 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി മന്ത്രി ഇ പി ജയരാജന്‍

ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ 2015 വരെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളില്‍ 498 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതായി വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഉടന്‍ നിയമനം നല്‍കാനുള്ള 54 പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടി പൂര്‍ത്തിയാകുമ്പോള്‍ 552 കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നീലേശ്വരം തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീയ്ക്ക് സംസ്ഥാന കായിക വകുപ്പ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2015 19 കാലഘട്ടത്തില്‍ ദേശീയ അന്തര്‍ദേശീയ നേട്ടമുണ്ടാക്കിയ 250 കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു. കായികതാരങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിലൂടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ കായിക വകുപ്പും പങ്കാളികളാവുകയാണ്. നിര്‍ധനരായ താരങ്ങള്‍ക്ക് വീട് നല്‍കി അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് നമ്മുടെ കായികമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുകയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായിക മേഖലയെ വളര്‍ത്താന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

പുതുവര്‍ഷത്തില്‍ പുത്തന്‍ വീട്ടില്‍ ഹാപ്പിയാണ് ആര്യശ്രീ

പുതുവര്‍ഷത്തില്‍ പുത്തന്‍ വീട്ടില്‍ അച്ഛനോടും അമ്മയോടും ഒപ്പം സന്തോഷത്തിലാണ് ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീ. ജനകീയ പങ്കാളിത്തത്തോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്ന വീടിന്റെ താക്കോല്‍ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്നില്‍നിന്ന് ഏറ്റുവാങ്ങിയതോടെ കാലങ്ങളായുള്ള സ്വന്തം ഭവനം എന്ന സ്വപ്നമാണ് ആര്യശ്രീയും കുടുംബവും സാക്ഷാത്കരിച്ചത്.

കക്കാട് സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും ഇന്ത്യന്‍ വനിത ഫുട്‌ബോളിലെ പ്രതീക്ഷയുമായുമാണ് ആര്യശ്രീ. തെക്കന്‍ ബങ്കളത്തെ ലോട്ടറി കച്ചവടക്കാരനായിരുന്ന ഷാജു ശാലിനി ദമ്പതികളുടെ മകളാണ് ആര്യശ്രീ. കായിക മേഖലയില്‍ വലിയ ഉയരങ്ങിലേക്ക് കുതിച്ചുയരുമ്പോഴും അടച്ചുറപ്പുള്ള വീട് എന്നത് ആര്യശ്രീയ്ക്കും കുടുംബത്തിനും സ്വപ്‌നം മാത്രമായിരുന്നു. ഇതു മനസ്സിലാക്കിയ നാട്ടുകാരാണ് ജനകീയ കൂട്ടായ്മയിലൂടെ കായിക താരത്തിന് വീട് വെച്ചു നല്‍കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് വീടിന്റെ ആവശ്യകത കായിക വകുപ്പ് മന്ത്രി മനസ്സിലാക്കിയതോടെ വീടു നിര്‍മ്മിച്ച് നല്‍കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.ജില്ലാ സ്‌പോര്‍ട്‌സ് കാണ്‍സിലിനായിരുന്നു നിര്‍മ്മാണ ചുമതല.

NO COMMENTS