അര്‍ജന്റീന താരങ്ങള്‍ വിജയാഘോഷത്തില്‍ മൈതാനം വലം വെക്കുമ്പോള്‍ ഫൈനൽ തോല്‍വികളുടെ വേദന നന്നായറിയുന്ന മെസ്സി വിതുമ്പിക്കരയുന്ന നെയ്മറെ ചേര്‍ത്തു പിടിച്ചു

40

അര്‍ജന്റീനയുടെ താരങ്ങള്‍ വിജയാഘോഷത്തില്‍ മൈതാനം വലം വെക്കുമ്ബോള്‍ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ മൈതാനത്ത് വിതുമ്ബലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു. ഫൈനലിലെ തോല്‍വികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി നെയ്മറെ ചേര്‍ത്തുപിടിക്കുകയും ചെയ്തു.

രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്ബ് അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ച കള്‍ക്ക് വഴി വെച്ചിരുന്നു. അര്‍ജന്റീന ടീമില്‍ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ടെന്നും അതു കൊണ്ടാണ് ഞാന്‍ അവരെ പിന്തുണയ്ക്കുന്നതെന്നും നെയ്മര്‍ പറഞ്ഞിരുന്നു.

അര്‍ജന്റീന ടീമിലെ പല താരങ്ങളും നെയ്മറുടെ ഉറ്റ സുഹൃത്തുക്കളാണ്. ഇതില്‍ ക്യാപ്റ്റനായ മെസ്സിയുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. നെയ്മര്‍ ലാലിഗയില്‍ ബാഴ്സിലോണക്കായി കളിച്ചിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് അത്. ഇപ്പോഴും ആ ആത്മബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ നെയ്മര്‍ ഇപ്പോള്‍ കളിക്കുന്ന പി എസ് ജിയിലെ സഹതാരങ്ങളായ ഡി മരിയയും ലിയാന്‍ഡ്രോ പരേദസും അര്‍ജന്റീനയുടെ താരങ്ങളാണ്.

അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താന്‍ അര്‍ജന്റീനയ്ക്കായി. പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ രാജ്യാന്തര കിരീടങ്ങള്‍ അനവധി തവണ നഷ്ടമായ ഫുട്ബോള്‍ ഇതിഹാസം മെസ്സിയ്ക്കു ഇത് വലിയ നേട്ടമാണ്. ഗോള്‍ഡന്‍ ബൂട്ട് നേടിയിരിക്കുന്നതും ലയണല്‍ മെസ്സി തന്നെയാണ്. ആകെ നാലു ഗോളുകളാണ് മെസ്സി ടൂര്‍ണമെന്റില്‍ നേടിയത്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സി തന്നെയാണ് മുന്‍പന്തിയില്‍.

നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന ടീം കോപ്പ അമേരിക്ക കിരീടത്തിലേക്കെത്തുന്നത് . ലോക ഫുട്ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്റ്റേഡിയം വേദിയായത്. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരമായിരുന്നു . ഇന്നത്തെ കോപ്പ അമേരിക്ക ഫൈനല്‍. അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയും ബ്രസീലിന്റെ സൂപ്പര്‍ താരമായ നെയ്മറും തമ്മില്‍ മൈതാനത്തിന് പുറത്ത് കാത്തു സൂക്ഷിക്കുന്ന സൗഹൃദം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുപരിചിതവുമാണ്. ഇന്നത്തെ ഫൈനല്‍ മത്സരത്തിന് ശേഷം ഇരുവരും നടത്തിയ സ്‌നേഹ പ്രകടനത്തിന്റെ വീഡിയോ ആരാധക ഹൃദയം കീഴടക്കുകയാണ്.