ഭക്ഷ്യസാധന ലഭ്യത ഉറപ്പുവരുത്താൻ വ്യാപാരികളുടെ യോഗം ചേർന്നു.

116

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളു ടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധി കളുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. 14 ജില്ലകളിലെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഏത് പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് ആവശ്യമായ സംവിധനം ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സംഘടനാ പ്രതിനിധികൾ പൂർണ പിന്തുണ അറിയിച്ചു.

ഇതുവരെ ഒരുതരത്തിലുള്ള ആക്ഷേപവും ഈ രംഗത്ത് ഉണ്ടായിട്ടില്ല. സാമൂഹ്യപ്രതിബദ്ധതയോടെയാണ് വ്യാപാരി-വ്യവസായി സമൂഹം പ്രവർത്തിക്കുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഒഴിവാക്കി നിലവിലുള്ള സാഹചര്യം നിലനിർത്തണം. ജനങ്ങൾക്ക് കടയിൽ വന്നു സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തിൽ വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കണം. ഓരോ പ്രദേശത്തും കച്ചവടക്കാർ കൂടി ഉൾകൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം.

ഓൺലൈൻ വഴിയോ വാട്സ്ആപ്പ് വഴിയോ വീട്ടുകാരുടെ ഓർഡർ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയൽ സംസ്ഥാനങ്ങളിൾ നിന്ന് ചരക്ക് ലോറി വരുന്നതിനുള്ള തടസ്സങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ സർക്കാർ ഇടപെടും.

പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ വാടകയ്ക്ക് കട നടത്തുന്നവരുടെ വാടക ഇളവിന്റെ കാര്യം സർക്കാർ ആലോചിക്കും. വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കിൽ അത് സംഘടനകൾ പരിഗണിക്കണം. അരി, പയർവർഗങ്ങൾ, പഞ്ചസാര, ഉപ്പ് മുതലായ അവശ്യ വസ്തുക്കളുടെ വില നിയന്ത്രിച്ച് നിർത്തണം. മാസ്‌ക്, സാനിറ്റൈസർ എന്നിവയ്ക്ക് കേന്ദ്രസർക്കാർ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികരിക്കാൻ പാടില്ല. അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് വ്യാപാരികൾ ഉറപ്പാക്കണം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ള സ്റ്റോക്ക് ചെയ്യണം.

നിർമാണ പ്രവൃത്തികൾക്ക് ഒരു തടസ്സവും ഉണ്ടാകില്ല. എന്നാൽ പൊതുവായ ക്രമീകരണങ്ങൾ ഇതിനും ബാധകമായിരിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലോറി വരുന്നതിന് തടസ്സമുള്ള സാഹചര്യത്തിൽ കേരളത്തിൽ മറ്റാവശ്യങ്ങൾക്ക് ഓടുന്ന ലോറികൾ അവശ്യസാധനങ്ങൾ എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. അതിന് സംഘടനകൾ മുൻകൈയെടുക്കണം. അതിഥിതൊഴിലാളികൾക്ക് ആരോഗ്യസുരക്ഷയുള്ള താമസ കേന്ദ്രങ്ങളൊരുക്കണം. വൈദ്യപരിശോധനയിൽ മറ്റ് സഹായം ഉറപ്പാക്കണം.

അന്തർസംസ്ഥാന ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ട്രക്ക് ഡ്രൈവർമാർക്ക് താമസം, ആഹാരം മുതലായ അത്യാവശ്യ കാര്യങ്ങൾ ഉറപ്പാക്കണം. വീഡിയോ കോൺഫറൻസിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, പി. തിലോത്തമൻ എന്നിവരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

NO COMMENTS