മെഡിക്കല്‍ പിജി ഫീസ് കുത്തനെ കൂട്ടി

161

തിരുവനന്തപുരം: മെഡിക്കല്‍ പിജി കോഴ്സ് ഫീസ് കുത്തനെ കൂട്ടി സർക്കാരും ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റുകളും തമ്മിൽ ധാരണയിലെത്തി. 14 ലക്ഷം രൂപയാണ് ഏകീകൃതഫീസ്. മുൻ വർഷം ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ സർക്കാർ ക്വാട്ടയിലെ പിജി ഫീസ് 6.50 ലക്ഷമായിരുന്നു. ഇതാണ് ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റ് കോളേജുകള്‍ ഇരട്ടിയിലേറെ കൂട്ടിയത്. മുൻ വർഷം, സർക്കാർ ക്വാട്ടയിൽ ആറര ലക്ഷവും മാനേജ്മെന്റ് ക്വാട്ടയിൽ പതിനേഴരലക്ഷവും എൻആ‌ർഐക്ക് 35 ലക്ഷവും ആയിരുന്നു ഫീസ്. ഇത്തവണ ഏകീകൃതഫീസ് 14 ലക്ഷമാക്കി. ഏകീകൃത പരീക്ഷ അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിൽ ഏകീകൃത ഫീസെന്ന വ്യവസ്ഥയാണ് ഫീസ് ഉയരാൻ കാരണം. മാനേജ്മെന്റ് ക്വാട്ടാ ഫീസ് കുറഞ്ഞെങ്കിലും കുറഞ്ഞ ഫീസിൽ സർക്കാർ ക്വാട്ടയിൽ പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. മറ്റ് മാനേജ്മെന്റുകൾ പിജിയ്ക്ക് ഏകീകൃത ഫീസായി ചോദിച്ചത് 25 ലക്ഷം രൂപയായിരുന്നു. 17 ലക്ഷമാക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും മാനേജ്മെന്റ്കൾ വഴങ്ങിയില്ല. എംബിബിഎസ്സിന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നതും വൻതുകയാണ്. ക്രിസ്ത്യൻ മാനേജ്മെന്റ് മാതൃകയിൽ മറ്റ് മാനേജ്മെന്റുകൾക്കും സർക്കാറിന് ഫീസ് കൂട്ടി നൽകേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പ്രവേശനാധികാരം സർക്കാറിന് നൽകിയതോടെ ഫീസ് കൂട്ടാതെ പറ്റില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.

NO COMMENTS

LEAVE A REPLY