മായാവതിയെ വേശ്യയോട് ഉപമിച്ച നേതാവിനെ ബിജെപി പുറത്താക്കി

187

ലഖ്‍നൗ: ബിഎസ്‍പി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയെ വേശ്യയോടുപമിച്ച ബിജെപി നേതാവിനെ സ്ഥാനത്തു നിന്നും നീക്കി. ഉത്തര്‍പ്രദേശ് ബി ജെ പിവൈസ് പ്രസിഡന്‍റ് ശങ്കര്‍ സിങ്ങിനെയാണ് വിവാദ പ്രസ്താവനയെ തുടര്‍ന്ന് പുറത്താക്കിയത്.മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ കിട്ടുന്ന പണത്തിന് ജോലി ചെയ്യുന്ന സ്ത്രീകളെപ്പോലെയാണ് മായാവതിയുടെ പ്രവര്‍ത്തികള്‍. കിട്ടുന്ന പണത്തിന്റെ മൂല്യം നോക്കി മായാവതി ടിക്കറ്റുകള്‍ വില്‍ക്കുകയാണ്. ഒരു കോടി തരാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കും. ഇതേ സമയം രണ്ട് കോടി വാഗ്ദാനം ചെയ്ത് മറ്റാരെങ്കിലും വരികയാണെങ്കില്‍ സീറ്റ് അവര്‍ക്ക് മറിച്ച്‌ നല്‍കും. ഇപ്പോള്‍ മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു’- ഇതായിരുന്നു പുതുതായി വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ശങ്കര്‍ സിങ്ങിന്‍റെ വിവാദ പ്രസംഗം.
ദയാശങ്കറിന്‍റെ വിവാദപ്രസ്താവന ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ബിജെപിയുടെ ദളിത് വിരുദ്ധതയ്ക്ക് ഉദാഹരണമായി പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തതോടെയാണ് മുഖം രക്ഷിക്കല്‍ നടപടികള്‍.
സംസ്ഥാനത്ത് ബിഎസ്‍പിയുടെ വളര്‍ച്ച മൂലമുള്ള ഭീതിയാണ് ബി ജെ പി നേതാവിനെ ഇത്തരത്തില്‍ പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു മായാവതിയുടെ പ്രതികരണം. ശങ്കര്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ ജനം തെരുവിലിറങ്ങുമെന്നും മായാവതി രാജ്യസഭയില്‍ പറഞ്ഞിരുന്നു.
ശങ്കര്‍ സിങ് പിന്നീട് മായാവതിയോട് മാപ്പ് ചോദിച്ചു. അവഹേളന പ്രസ്താവന വ്യക്തിപരമായി വേദനിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്ലി രാജ്യസഭയില്‍ പ്രതികരിച്ചു.
പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് നല്ലതല്ലെന്നും യു പി ബി.ജെ.പി വക്താവ് ഐ പി സിങ് പറഞ്ഞു.