ബിഹാറില്‍ മാവോവാദി ആക്രമണം: എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

189

പട്ന: ബിഹാറിലെ ചകര്‍ബന്തയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നാല് മാവോവാദികളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ചകര്‍ബന്തയിലെ ധുമാരി നലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പട്രോളിങ്ങിനിടെ മാവോവാദികളും ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തിങ്കളാഴ്ച പകല്‍മുഴുവന്‍ ഏറ്റുമുട്ടല്‍ നീണ്ടു. വെടിവെയ്പിനിടെയാണ് സ്ഫോടനം നടന്നത്.
പരിക്കേറ്റ ജവാന്മാരെ ആസ്പത്രിയിലെത്തിക്കാന്‍ ഹെലിക്കോപ്ടര്‍ സംഭവസ്ഥലത്തേക്ക് അയച്ചു. എന്നാല്‍ രൂക്ഷമായ വെടിവെയ്പിനിടെ അവിടെ ഇറങ്ങാന്‍ കഴിയാതെ ഹെലിക്കോപ്ടര്‍ തിരിച്ചുവിളിച്ചു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സി.ആര്‍.പി.എഫിന്റെ കോബ്ര ബറ്റാലിയനില്‍ പെട്ടവരാണ് മരിച്ചത്.
വനത്തിനുള്ളില്‍ ഔറംഗബാദ്, ഗയ ജില്ലകളുടെ അതിര്‍ത്തിയിലാണ് ആക്രമണം നടന്നത്. രണ്ട് ദിവസമായി ഇവിടെ സൈനികര്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു.