വിലക്കിഴിവുമായി ഇനി സീതാംഗോളിയിലും മാവേലി സ്‌റ്റോര്‍

29

കാസറഗോഡ്: സാമൂഹിക ജീവിത ക്രമത്തെ താളം തെറ്റിച്ച കോവിഡ് കാലത്ത് വിലക്കിഴിവോടെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ പുതിയ മാവേലി സ്റ്റോര്‍ തുറന്നു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സീതാംഗോളിയില്‍ ആരംഭിച്ച സ്‌റ്റോര്‍ എം സി കമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ അധ്യക്ഷത വഹിച്ചു.

വിലക്കിഴിവോടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന മാവേലി സ്റ്റോര്‍ എന്നും സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമാണെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തി സംരംഭം വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് എം എല്‍ എ പറഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കിഴിവിലുമായിരിക്കും വില്‍പന നടത്തുക. ശബരി ഉത്പന്നങ്ങളും ലഭ്യമാണ്.

കോവിഡ്19 നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാണ് മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുക. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി ജനങ്ങള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം നിശ്ചിത എണ്ണം ആള്‍ക്കാരെ മാത്രമായിരിക്കും കടത്തി വിടുക.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയന്തി ആദ്യ വില്‍പന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, ബ്ലോക്ക് അംഗം പ്രദീപ് കുമാര്‍, പഞ്ചായത്ത് സ്ഥിരം സതി അധ്യക്ഷരായ ചനിയ, വൈ ശാന്തി, വാര്‍ഡ് അംഗങ്ങളായ അബ്ദുല്ല മുഗു, ഇ കെ മുഹമ്മദ് കുഞ്ഞി, എം ഉമ്മര്‍ ഫൈസി, വരപ്രസാദ്, എം ചന്ദ്ര, ചന്ദ്രാവതി, നഫീസ, ആനന്ദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS