മാഷ് പദ്ധതി – ബേഡഡുക്ക റേഡിയോ മാതൃകാപരം – അഭിനന്ദനാര്‍ഹം – ജില്ലാകളക്ടര്‍

46

കാസറഗോഡ് : കോവിഡ് നിര്‍വ്യാപനത്തിന് ജില്ലാ ഭരണ സംവിധാനം അധ്യാപകരുടെ പങ്കാളിത്തത്തോടെ വാര്‍ഡ്തല ജനജാഗത സമിതികളെ ശക്തമാക്കുന്നതിന് രൂപം നല്‍കിയ മാഷ് പദ്ധതിയുടെ മാതൃകപരമായ നടത്തി പ്പിന് റേഡിയോ ആരംഭിച്ച ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനെ ഐ ഇ സി കോവിഡ് 19 ജില്ലാതല കോര്‍ഡി നേഷന്‍ കമ്മിറ്റി യോഗം അഭിനന്ദിച്ചു. മറ്റു തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതി യാണിതെന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ച കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.

വാര്‍ഡ്തല ജാഗ്രത സമിതികളെ ശക്തിപ്പെടുത്താന്‍ അധ്യാപകരുടെ സാന്നിധ്യം സഹായിക്കും. സംസ്ഥാന സര്‍ക്കാര്‍ ബ്രെയ്ക്ക് ദി ചെയിന്‍ ക്യാമ്പൈന്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിനാല്‍ താഴെത്തട്ടില്‍ മാസ്‌ക്, രണ്ടു മീറ്റര്‍ സാമൂഹിക അകലം, സോപ്പ്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുകയും നിയമലംഘനം നടത്തുന്നവരെ കുറിച്ച് ജില്ലാ ഭരണ സംവിധാനത്തിന് വിവരം കൈമാറുകയുമാണ് മാഷ്പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ നല്‍കുന്ന സേവനം.

ഈ ബോധവല്‍ക്കരണത്തിന് ബേഡഡുക്കപഞ്ചായത്ത് റേഡിയോ സംവിധാനം ഉപയോഗിക്കുന്നതിലൂടെ പരമാവധി ജനങ്ങളിലേക്ക് ഈ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ആളുകള്‍ കൂട്ടം കൂടുന്നത് തടയാനും ഇതു വഴി സാധിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് റേഡിയോ പ്രക്ഷേപണ പ്രവര്‍ത്തനം നടത്തുന്നത്. മാഷ്പദ്ധതി ജനകീയവല്‍ക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ യോഗം അഭിനന്ദിച്ചു. ഇതര സംസ്ഥാന പൂക്കള്‍ ഒഴിവാക്കിയും ആഘോഷത്തിനായി പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നത് നിയന്ത്രിച്ചും ഓണാഘോഷ വേളയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിച്ച പൊതുജനങ്ങളെയും യോഗം പ്രശംസിച്ചു.

വരാനിരിക്കുന്ന ആഘോഷവേളകളിലും രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഡി എം എന്‍ ദേവീദാസ് , ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് , മാഷ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ ജി മോഹനന്‍, സാമൂഹിക സുരക്ഷാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി ഷോ ജെയിംസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS